കാൺപൂരിൽ ഡോക്ടർ ചമഞ്ഞ് മുപ്പതോളം അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി; യുവാവ് അറസ്റ്റിൽ

പിടിയിലായ രോഹിത് തിവാരി
കാൺപൂർ: ഡോക്ടർ ചമഞ്ഞ് മുപ്പതോളം അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ യുവാവ് പിടിയിലായി. ഹാർദോയ് സ്വദേശിയായ രോഹിത് തിവാരി (34) ആണ് ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായത്. വെറും പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾ, 2018 മുതൽ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു.
മീററ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘത്തെ ഉപയോഗിച്ചാണ് രോഹിത് ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. ആശുപത്രികളിലെ ശസ്ത്രക്രിയകൾ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻപ് മീററ്റിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പരിചയം വെച്ചാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ റാക്കറ്റിൽ രോഹിത്തിനൊപ്പം പ്രവർത്തിച്ചിരുന്ന വൈഭവ് മുദ്ഹൽ, ഡോ. അലി, അഫ്സൽ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്: വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് നടന്ന ഈ വൻ തട്ടിപ്പിന് പിന്നിൽ വലിയൊരു ശൃംഖല തന്നെ ഉണ്ടെന്നാണ് കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ എസ്.എം. ഖാസിം അബീദി വ്യക്തമാക്കുന്നത്.










0 comments