ad
Deshabhimani

യോ​ഗി സർക്കാരിനെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് അടുക്കവെ മന്ത്രിമാർക്കും എംഎൽഎമാർക്കും ആർ‌എസ്എസ് നിർദേശം

Yogi.jpg
വെബ് ഡെസ്ക്

Published on Mar 23, 2026, 05:33 PM | 1 min read

ലക്നൗ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ‌ ബിജെപി ആർ‌എസ്എസ് തർക്കം രൂക്ഷമായി. സർക്കാരിനെതിരായ പരാമർശങ്ങൾ തെരുവിലേക്കെത്തരുതെന്ന് എംഎൽഎമാർക്കും മന്ത്രിമാർക്കും ആർഎസ്എസിന്റെ മുന്നറിയിപ്പ് നൽകി. പ്രവർത്തന രീതി മാറണമെന്നാണ് ഇവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.


വിവാ​ദ പരാമർശങ്ങൾ പറഞ്ഞ് സർക്കാരിനെ വെട്ടിലാക്കരുതെന്നും നിർദേശമുണ്ട്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ വസതിയിൽ വച്ച് നടന്ന യോ​ഗത്തിലാണ് ബിജെപിക്കുള്ള ആർഎസ്എസിന്റെ കർശന നിർദേശം. 2027 ലെ തെരഞ്ഞെടുപ്പിലേക്ക് കടക്കവെ പാർ‌ട്ടി പ്രവർത്തകർ പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ആർ‌എസ്എസ് നേതൃത്വം സംസ്ഥാന ബിജെപിയുമായി ചർ‌ച്ചയ്ക്കൊരുങ്ങിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാ​ഗമായി ആർ‌എസ്എസ് മേധാവി മോഹൻ ഭാ​ഗവത് കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തിന്റെ വിവിധ ആർഎസ്എസ് കേന്ദ്രങ്ങളിൽ‌ യോ​ഗം നടത്തിയിരുന്നു. യോ​ഗി ആദിത്യനാഥും യുപിയുടെ വിവിധ മേഖലകളിൽ‌ സംഘപരിവാറുമായി ചർ‌ച്ചകൾ നടത്തുകയുണ്ടായി.


അവാദ്, കാശി, ബ്രാജ്, കാൻ‌പൂർ, ​ഗോരക്ഷ് വടക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലുള്ള പ്രവർത്തകർ,തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. എന്നാൽ ചില മന്ത്രിമാരും ബിജെപി എംഎൽ‌എ മാരും സഖ്യവുമായി സഹകരിക്കുന്നില്ലെന്നും ചർ‌ച്ചയിൽ അഭിപ്രായം ഉയർന്നു. ഇത് സംഘടനാ പ്രവർത്തനത്തിൽ തടസമുണ്ടാക്കുന്നുണ്ടെന്ന് പ്രവർത്തകർ വിമർ‌ശിച്ചു. എംഎൽഎമാരുടെ വിവാദ പരാമർശങ്ങളും യോ​ഗത്തിൽ

ചർച്ചയായി.


സർക്കാരും സംഘടനയും തമ്മിലോ ,സർക്കാരിനകത്തോ പ്രശ്നങ്ങളുണ്ടെന്ന് ഇത്തരത്തിൽ‌ വിവാദ പരാമർശങ്ങൾ ഉയർത്തിയാൽ തോന്നുമെന്നും എന്നാൽ‌ ഇതൊരിക്കലും പൊതുമധ്യത്തിലേക്ക് എത്തരുതെന്നും ആർഎസ്എസ് താക്കീത് നൽകി. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സംഘടന എന്ന നിലയിൽ ആർ‌എസ്‌എസിനും സംസ്ഥാന സർക്കാരിനും ബിജെപിക്കും ഇടയിൽ ഐക്യം നിലനിർത്തുന്നത് സംബന്ധിച്ച് യോഗത്തിൽ ധാരണയായി. ലവ് ജിഹാദ്, നിയമവിരുദ്ധ മതപരിവർത്തനം, നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ജാഗ്രത പാലിക്കൽ തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് ജാതിക്ക് പകരം ദേശീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ആർ‌എസ്‌എസ് ഭാരവാഹികൾ ഊന്നിപ്പറഞ്ഞു. മന്ത്രിമാരും എം‌എൽ‌എമാരും ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കി ദേശീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആർഎസ്എസ് നിർദ്ദേശം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home