കര്‍ണാടക ബുള്‍ഡോസര്‍രാജ്: കുടിയൊഴിപ്പിച്ചവരോട് വീണ്ടും ദ്രോഹം


വിനോദ് പായം
Published on Dec 30, 2025, 12:03 AM | 2 min read
ബംഗളൂരു: യെലഹങ്ക കൊഗിലുവിൽ ബുൾഡോസർരാജിലൂടെ തെരുവിലേക്ക് ഇറക്കിവിട്ട ഇരുനൂറോളം കുടുംബങ്ങളെ വീണ്ടും ദ്രോഹിച്ച് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. സൗജന്യമായി പുനരധിവസിപ്പിക്കാനാകില്ലെന്നും വീട് വേണമെങ്കിൽ പണം നൽകണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു ബൈയപ്പനഹള്ളിയിലെ രാജീവ് ഗാന്ധി ഭവനസമുച്ചയത്തിൽ 178 ഫ്‌ളാറ്റുണ്ട്. 11.2 ലക്ഷം രൂപയാണ് വില.
രേഖകൾ ഉള്ളവർക്ക് മാത്രമേ നൽകാനാകൂ. സൗജന്യമായി നൽകാനാകില്ല. ഇതിനായി സ്ഥലം എംഎൽഎയും റവന്യു മന്ത്രിയുമായ കൃഷ്‌ണ ബൈര ഗൗഡ കൺവീനറായി സമിതി രൂപീകരിക്കും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനം അറിയിച്ചത്. ഇതോടെ സർക്കാരിന്റെ പുനരധിവാസ പ്രഖ്യാപനം കാത്തിരുന്നവർ വീണ്ടും വഞ്ചിതരായി.
തിങ്കൾ പകൽ രണ്ടിന് കൊഗിലുവിൽ വൻ പൊലീസ് സന്നാഹത്തോടെ ചാർട്ടർ വിമാനത്തിൽ എത്തിയ ഡി കെ ശിവകുമാർ പുനരധിവാസം സംബന്ധിച്ച് പ്രഖ്യാപനം നടത്താതെ മടങ്ങിയിരുന്നു. തിങ്കളാഴ്‌ച പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള കേരളത്തിലെ യുഡിഎഫ് നേതാക്കളെ ഉദ്ധരിച്ച് മലയാള മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. ബംഗളൂരു ബൈയപ്പനഹള്ളിയിലെ രാജീവ് ഗാന്ധി ഭവനസമുച്ചയത്തിൽ അർഹരായവർക്കെല്ലാം ഫ്ലാറ്റ് നൽകുമെന്ന് മുസ്ലിം ലീഗുകാരും കേരളത്തിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ രേഖകൾ ഉള്ളവർക്കും പണം നൽകുന്നവർക്കും മാത്രം പുനരധിവാസം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.
വഴിയാധാരമാകും നിസ്സഹായർ
പണം നൽകുന്നവർക്ക് മാത്രം വീട് നൽകുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചതോടെ കുടിയിറക്കപ്പെട്ട നിസ്സഹായരായ ഇരുനൂറോളം മുസ്ലിം–ദളിത് കുടുംബങ്ങൾ വഴിയാധാരമാകും. ലക്ഷങ്ങൾ നൽകി ഫ്ലാറ്റ് വാങ്ങാൻ ശേഷിയുള്ളവരല്ല ഇവർ. എല്ലാവർക്കും ആധാർ, റേഷൻ കാർഡ്, വോട്ടർ കാർഡ്, വൈദ്യുതി, ഗ്യാസ് കണക്‌ഷനുകൾ തുടങ്ങിയ രേഖകളിൽ ഏതെങ്കിലും ഒന്നുണ്ട്. ബുൾഡോസറുകൾ കയറിയിറങ്ങിയതോടെ ഇൗ രേഖകളെല്ലാം നഷ്‌ടപ്പെട്ടുകഴിഞ്ഞു. ഇത് പുനഃസ്ഥാപിക്കാനും ദുരിതബാധിതർക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരും. തെരുവിൽ കഴിയുന്ന കുട്ടികളടക്കമുള്ളവർക്ക് നിലവിൽ അതിജീവനത്തിന് ഒരു സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
കേരള മുഖ്യമന്ത്രിയും ഇടതുപക്ഷ എംപിമാരും ഇടപെട്ടതോടെയാണ് യെലഹങ്കയിലെ ബുൾഡോസർരാജ് ദേശീയശ്രദ്ധയിലെത്തിയത്. ഇരകളിൽ കൂടുതലും മുസ്ലിം– ദളിത് കുടുംബങ്ങളാണെന്നതും, യുപി സർക്കാർ മോഡൽ പ്രയോഗം ചർച്ചയാകുന്നതുമാണ് ലീഗിനെയും യുഡിഎഫിനെയും കേരളത്തിൽ വലിയ സമ്മർദത്തിലാക്കിയത്.
അതേസമയം നഗരത്തിലെ ചേരി നിർമാർജനമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ഡി കെ ശിവകുമാർ യെലഹങ്കയിൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്ഥലം കൈയേറിയവരാണ് പ്രശ്‌നക്കാർ. ഇത്തരക്കാരെ തുരത്തും. ശിവകുമാർ പറഞ്ഞു.









0 comments