ad
Deshabhimani

വീട്ടിൽ പണക്കൂമ്പാരം: മുൻ ജഡ്‌ജി യശ്വന്ത്‌ വർമ കുറ്റക്കാരൻ

Yashwant Varma.jpg
വെബ് ഡെസ്ക്

Published on Aug 12, 2026, 04:22 PM | 1 min read

ന്യൂഡൽ​ഹി: ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഹൈക്കോടതി ജഡ്‌ജി യശ്വന്ത്‌ വർമ കുറ്റക്കാരൻ. സംഭവത്തിൽ അന്വേഷണം നടത്താനായി ലോക്‌സഭാ സ്പീക്കർ ഓം ബിർള രൂപീകരിച്ച പാനലിന്റേതാണ് കണ്ടെത്തൽ. ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കമ്മിറ്റി റിപ്പോർട്ടിലാണ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.


പണത്തിന്റെ ഉറവിടം സംബന്ധിച്ച് യശ്വന്ത് വർമയ്ക്ക് കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല. അതേസമയം, മെറ്റീരിയൽ തെളിവുകൾ കൃത്യമായി സംരക്ഷിച്ചിട്ടില്ലെന്നും, നിയമപരമായ പരിശോധനയ്ക്ക് മുൻപ് തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും, കറൻസി നോട്ടുകൾ അപ്രത്യക്ഷമായതിനെക്കുറിച്ച് വിശദീകരണമില്ലെന്നും പാർലമെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യശ്വന്ത് വർമ വ്യക്തിപരമായി പണം നീക്കം ചെയ്തതിന് തെളിവില്ലെങ്കിലും, അദ്ദേഹത്തിന്റെ മറുപടിയിൽ ആത്മാർഥതയോ സുതാര്യതയോ ഉണ്ടായിരുന്നില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചു.


2025 മാർച്ച് 14ന് തുഗ്ലക്ക് ക്രസന്റ് റോഡിലെ യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് സംഭവങ്ങളുടെ തുടക്കം. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനയാണ് വീട്ടിൽ കെട്ടുകളായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപ കണ്ടെത്തിയത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ഈ സംഭവം നടന്നത്. വിവാദമായതോടെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.


സംഭവത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വർമയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്നാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. നടപടികൾ പൂർത്തിയാകുന്നതിനിടെ യശ്വന്ത് വർമ രാജിവച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home