അസമിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; നിർവീര്യമാക്കി സൈന്യം

സൈന്യത്തിലെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് ബോംബ് നിർവീര്യമാക്കുന്നു
ഗുവാഹത്തി: അസമിലെ ടിൻസുകിയ ജില്ലയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ അതിശക്തമായ ബോംബ് കണ്ടെത്തി. ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ബോംബ് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ.
ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശം സൈന്യം വളയുകയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സൈന്യത്തിലെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജനവാസമില്ലാത്ത സ്ഥലത്ത് വെച്ച് ബോംബ് നിർവീര്യമാക്കിയത്.
ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനെതിരെയുള്ള പോരാട്ടത്തിൽ ചൈനയിലേക്ക് വിഭവങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാന ഇടനാഴിയായിരുന്നു അസമിലെ ഈ മേഖല.
ഇന്നും ഈ പ്രദേശങ്ങളിൽ നിന്ന് യുദ്ധകാലത്തെ അവശിഷ്ടങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുക്കാറുണ്ട്. ബോംബ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടോ എന്നറിയാൻ സൈന്യം പരിശോധന നടത്തിവരികയാണ്.










0 comments