മരണക്കുഴിയായി റോഡുകൾ: അപകടം പെരുകുന്നു; ഞായറാഴ്ച മാത്രം ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ മരണക്കുഴിയാവുന്നു. വിവിധ ജില്ലകളിൽ നടന്ന നാല് വാഹനാപകടങ്ങളിലായി ഞായറാഴ്ച മാത്രം ഏഴ് പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.
മലപ്പുറത്ത് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെരുവള്ളൂർ സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്. കോഴിക്കോട്- തൃശൂർ ദേശീയപാതയിൽ ഇടിമുഴിക്കലിൽ വെളുപ്പിന് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കൽ കയറ്റിവന്ന ലോറിയും കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്ന് പേരാണ് മരിച്ചത്. എടക്കഴിയൂർ ഖാദരിയ്യ പള്ളിക്കുസമീപം താഴത്തുവീട്ടിൽ മുനീർ (33), ഭാര്യ ഷിഫ്ന (26), മകൾ എമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. മലപ്പുറം വണ്ടൂരിൽ പുലർച്ചെ മൂന്നിനുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രജീഷ് (31) ആണ് മരിച്ചത്. ഗുരുവായൂരിലെ ജോലി സ്ഥലത്തുനിന്നും നാട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാർത്തിക(35) ആണ് മരിച്ചത്. എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് അപകടം. വെള്ളിയാഴ്ച തൃശൂരിലെ കയ്പമംഗലം ദേശീയപാതയിലുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. സെപ്തംബറിലെ ആദ്യ ആഴ്ചയിൽ നടന്ന വലിയ അപകടങ്ങളിലെ കണക്കുകൾ മാത്രമാണിത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതിലൊക്കെ ഇരട്ടിയാണ്.
കേരളാ പൊലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ദിവസേനെ 130ല്‍ അധികം വാഹനാപകടങ്ങൾ ഉണ്ടാകുന്നു. 2026 ജൂലൈ വരെ മാത്രം കേരളത്തിൽ 31,531 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2,319 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 36,116 പേർക്കാണ് പരിക്കേറ്റത്.
വില്ലനാവുന്ന അശ്രദ്ധ
ഡ്രൈവരുടെ അശ്രദ്ധയാണ് റോഡ് അപകടങ്ങളുടെ പ്രധാന കാരണം. വാഹനമോടിക്കുമ്പോൾ മാത്രമല്ല, റോഡിൽ വണ്ടി നിർത്തിയിടുമ്പോഴും ഈ ശ്രദ്ധവേണം. ലോറി ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കയ്പമംഗലം ദേശീയപാതയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത ലോറിയിലേക്ക് കാർ ഇടിച്ചു കയറിയത്. ദേശീയപാതയിൽ പണിനടക്കുന്നതിനാൽ സർവീസ് റോഡിലേയ്ക്ക് കയറുന്നതിനായി സ്ഥാപിച്ചിരുന്ന സൈൻ ബോർഡുകളെ മറച്ചാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പാർക്ക് ചെയ്തിരുന്നത്. ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടുന്നത് ഇതിന് മുമ്പും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
മരണമൊളിപ്പിച്ച് ഇരുട്ട്
വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് കേരളത്തിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവങ്ങളും റോഡ് നിർമ്മാണ പിഴവുകളും കൃത്യമായ സുരക്ഷാ ബോർഡുകളുടെ കുറവും അപകടങ്ങൾക്ക് കാരണമാകുന്നു. ദേശീയപാതയിൽ പണി നടക്കുന്ന പലയിടത്തും ഗതാഗതം തിരിച്ചുവിടാൻ മതിയായ മുന്നറിയിപ്പുകൾ ഇല്ല. പകൽ പോലും കാണാൻ ബുദ്ധിമുട്ടുള്ള ബോർഡുകളാണ് പലയിടത്തും സ്ഥാപിച്ചിട്ടുള്ളത്.
അധികൃതർ കണ്ണടയ്ക്കുന്നു
റോഡുകളിൽ മനുഷ്യജീവിൻ പൊലിയുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഉദ്യോഗസ്ഥർ. അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടങ്ങൾക്ക് പലപ്പോഴും വലിവെക്കുന്നത്. ദേശീയപാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. അശ്രദ്ധമായ പാർക്കിങ്ങ് അടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങളോട് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണ്.
നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഉത്തരവാദിത്തമാണ്. ആവശ്യമായ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കണം. എന്നാൽ പലയിടത്തും ഇതൊന്നുമില്ല.









0 comments