'എന്നോട് ദേശീയ കാര്യം ചോദിക്കൂ'; തമ്മിൽത്തല്ലിലും ഗ്രൂപ്പ് പോരിലും പ്രതികരിക്കാതെ കെ സി വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരിലും തമ്മിലടിയിലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഞാൻ ദേശീയ ജനറൽ സെക്രട്ടറിയാണ്, ദേശീയ കാര്യങ്ങൾ പറയാനാണ് എനിക്ക് താൽപര്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ ക്ഷുഭിതനായ അദ്ദേഹം എന്നോട് കേരളത്തിലെ കാര്യങ്ങളെന്തിനാ ചോദിക്കുന്നത് എന്നും തിരിച്ചു ചോദിച്ചു.
കാന്തപുരത്തിന്റെ പ്രസ്താവന, രമ്യ ഹരിദാസ് വിഷയം, ഡിസിസി അംഗത്തെ സസ്പെൻഡ് ചെയ്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. “നിങ്ങൾക്ക് ഇതുമാത്രമേ ചോദിക്കാനുള്ളൂ? ഞാൻ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ്. എനിക്ക് ദേശീയ കാര്യങ്ങൾ പറയാനാണ് താൽപ്പര്യം. വല്ലപ്പോഴും ഇവിടെ വരുമ്പോഴും നിങ്ങൾ ദേശീയ കാര്യങ്ങൾ ചോദിക്കുന്നില്ല” എന്നായിരുന്നു പ്രതികരണം. കേരളത്തിലെ കോൺഗ്രസിനകത്തെ നിലവിലെ തർക്കങ്ങളിൽ തനിക്ക് ഒന്നും പറയാനില്ലെന്ന മട്ടിലായിരുന്നു പ്രതികരണം.
സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയില്ല. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് കോൺഗ്രസിന് അഭിപ്രായമുണ്ടെന്ന് പറഞ്ഞ വേണുഗോപാലിനോട് ആ അഭിപ്രായം എന്താണെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ “അത് കോൺഗ്രസ് പറയും” എന്നായിരുന്നു മറുപടി. “കോൺഗ്രസിൽനിന്ന് പറയേണ്ട ആളോടല്ലേ ചോദിക്കുന്നത്” എന്ന് റിപ്പോർട്ടർ തിരിച്ചുചോദിച്ചപ്പോഴും “അത് കോൺഗ്രസ് പറയും” എന്ന് ആവർത്തിക്കുകയായിരുന്നു.
അതേസമയം വിദ്യാഭ്യാസത്തിലൂടെ ആർഎസ്എസ് അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വേണുഗോപാൽ പറഞ്ഞു. സംഘപരിവാർ അജൻഡ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ കേരളത്തിൽ അതേ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം ശക്തമാക്കുകയാണ്. പദ്ധതിയിൽനിന്ന് പിന്മാറാനാകില്ലെന്ന വാദമാണ് കേരളം സർക്കാർ ഉയർത്തുന്നത്.









0 comments