print edition നോയിഡയിലെ തൊഴിലാളി സമരം: പ്രചോദനം കർഷകപ്രക്ഷോഭം

citu1
ന്യൂഡൽഹി: മനുഷ്യനായി ജീവിക്കാനുള്ള വേതനത്തിനായി തൊഴിലാളികൾ പോരാട്ടത്തിനിറങ്ങിയ നോയ്‌ഡയുടെ മണ്ണിൽ മൂന്നുവർഷം മുമ്പ് കർഷകർ നടത്തിയ സമരം വലിയ വിജയം വരിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾക്കെന്ന പേരിൽ ഗ്രേറ്റർ നോയ്‌ഡ അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് പകരം ഉയർന്ന നഷ്‌ടപരിഹാരവും മെച്ചപ്പെട്ട പുനരധിവാസവും ഉറപ്പാക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തിയ രണ്ടുമാസത്തിലേറെ നീണ്ട പ്രക്ഷോഭം 2023 ജൂൺ 25നാണ് വിജയക്കൊടി പാറിച്ചത്. നോയ്‌ഡയിലെയും പരിസരപ്രദേശങ്ങളിലെയും 49 ഗ്രാമങ്ങളിലെ കർഷകർ അണിനിരന്നു. അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ വിജയം വേതനവർധന ആവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് പ്രചോദനമായി.
സമരം നടത്തിയ കർഷകരുമായും നേതാക്കളുമായും തുടക്കത്തിൽ അധികൃതർ ചർച്ചയ്‌ക്കുപോലും തയ്യാറായിരുന്നില്ല. കർഷകർക്കുമുന്നിൽ ഗ്രേറ്റർ നോയ്‌ഡ അതോറിറ്റി ഓഫീസിന്റെ ഗേറ്റ് അടച്ചിട്ടു. പ്രവേശനനാനുമതിക്കായി ആദ്യസമരം. ജൂൺ ആറിന് ഇരച്ചെത്തിയ പൊലീസ് 33 കർഷകരെ അറസ്റ്റ് ചെയ്‌ത് നീക്കി. തൊട്ടുപിന്നാലെ സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിന് ആളുകളെത്തി. ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്‌ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ, ആരോഗ്യരക്ഷയ്‌ക്കും പഠനത്തിനും സൗകര്യങ്ങൾ, ഭൂമിയില്ലാത്തവർക്ക് പകരംഭൂമി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ അധികൃതർ മുട്ടുമടക്കി. ചരിത്ര വിജയമാണ് കർഷകർ നേടിയെടുത്തതെന്ന് കിസാൻസഭ ജനറൽസെക്രട്ടറി വിജൂ കൃഷ്‌ണൻ പറഞ്ഞു.










0 comments