രാജിവയ്ക്കില്ല, ബംഗാൾ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് ഗൂഢാലോചനയിലൂടെ: മമതാ ബാനർജി

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഈ തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും മറിച്ച് കൃത്യമായ ഗൂഢാലോചനയുടെ ഫലമാണെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്
തെരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര ഏജൻസികളെയും കേന്ദ്ര സേനയെയും ദുരുപയോഗം ചെയ്ത് ബൂത്തുകൾ പിടിച്ചെടുത്തുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിന്നു. കമ്മീഷനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എന്നാൽ അതിന്റെ തന്ത്രങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അവർ പറഞ്ഞു. തങ്ങൾ കടുവകളെപ്പോലെ പോരാടിയെന്നും വരും ദിവസങ്ങളിൽ ശക്തമായി തിരിച്ചുവരും. മമത പറഞ്ഞു.
രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലം താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്രയും ക്രൂരമായ ജനാധിപത്യ ലംഘനങ്ങൾ മുൻപ് കണ്ടിട്ടില്ല. അധികാരം ശാശ്വതമല്ല. ചരിത്രം ആവർത്തിക്കും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കൾ തന്നെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും അഖിലേഷ് യാദവ് നാളെ തന്നെ കാണാൻ നേരിട്ടെത്തുമെന്നും മമത അറിയിച്ചു.
തന്റെ പ്രവർത്തകർ ഭീഷണി നേരിടുകയാണ്. ജീവൻ രക്ഷിക്കാൻ അവർ ബിജെപിയിൽ ചേരുന്നതിൽ തനിക്ക് പരാതിയില്ല. ഇനി താനൊരു സ്വതന്ത്ര പക്ഷിയാണ്. ഇന്ത്യ മുന്നണിയിലെ നേതാക്കളുമായി ചേർന്ന് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.











0 comments