ad
Deshabhimani

വനിതാ സംവരണം ഉടൻ നടപ്പാക്കാൻ കേന്ദ്രം; ഏപ്രിൽ 16ന് പ്രത്യേക പാർലമെന്റ് സമ്മേളനം

parliament
വെബ് ഡെസ്ക്

Published on Apr 03, 2026, 07:35 AM | 1 min read

ന്യൂഡൽഹി : വനിതാ സംവരണ നിയമം (നാരി ശക്തി വന്ദൻ അഭിനിയം) എത്രയും വേഗം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർണായക നീക്കത്തിലേക്ക്. സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും (ഡീലിമിറ്റേഷൻ) ശേഷം മാത്രം സംവരണം നടപ്പിലാക്കിയാൽ മതിയെന്ന മുൻ തീരുമാനത്തിൽ നിന്ന് പിൻമാറുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ പാർലമെന്റ് ഏപ്രിൽ 16ന് വീണ്ടും ചേരും.


2023ൽ പാസാക്കിയ നിയമമനുസരിച്ച് പുതിയ സെൻസസ് പൂർത്തിയായ ശേഷമേ മണ്ഡല പുനർനിർണ്ണയം സാധ്യമാകൂ. എന്നാൽ കോവിഡ് മൂലം വൈകിയ സെൻസസ് നടപടികൾ 2026 ഏപ്രിലിൽ മാത്രമേ ആരംഭിക്കൂ എന്നതിനാൽ സംവരണം 2030ന് ശേഷമേ നടപ്പിലാകൂ എന്ന ആശങ്ക ഉയർന്നിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 33 ശതമാനം വനിതാ സംവരണം കൊണ്ടുവരാനാണ് കേന്ദ്ര നീക്കം.


പുതിയ നിർദ്ദേശപ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം 540ൽ നിന്ന് 816 ആയി ഉയർത്താൻ സാധ്യതയുണ്ട്. ഇതിൽ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. എന്നാൽ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയിലേക്ക് കടന്നുകഴിഞ്ഞ സ്ഥിതിക്ക് അത് പൂർത്തിയാക്കിയ ശേഷം മാത്രമേ പുതിയ മണ്ഡല പുനർവിഭജനക്കമ്മിറ്റി രൂപീകരിക്കാൻ കഴിയുകയുള്ളു എന്നാണ് ഭരണഘടനാ ചട്ടം. അതിനുമുൻപ്‌ മണ്ഡല പുനർനിർണയം നടത്തണമെങ്കിൽ സെൻസസ് വിജ്ഞാപനം പിൻവലിക്കേണ്ടിവരും.


അതേസമയം വനിതാസംവരണ നിയമത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിന് മുമ്പ് സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത്‌ തരത്തിലുള്ള ഭേദഗതികളാണ്‌ വരുത്തുന്നതെന്ന്‌ വ്യക്തമാക്കുന്ന വിശദമായ കുറിപ്പ്‌ കേന്ദ്രസർക്കാർ ഉടൻ കൈമാറണമെന്നും പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു.


‘നാരി ശക്തി വന്ദൻ അധിനിയം’ (106ാം ഭരണഘടനാഭേദഗതി) എങ്ങനെയാണ്‌ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നതിന്റെ വ്യക്തമായ മാർഗരേഖ തയ്യാറാക്കി അത്‌ വിശദമായി ചർച്ച ചെയ്യാമെന്ന്‌ പാർലമെന്ററി മന്ത്രി കിരൺ റിജിജുവിന്‌ അയച്ച കത്തിൽ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home