വനിതാ സംവരണത്തിന്‍റെ മറവില്‍ സമഗ്രാധിപത്യത്തിനുള്ള ബിജെപി നീക്കത്തിന് തടയിട്ട് പ്രതിപക്ഷം


ഹർഷിദ ബത്താലി
Published on Apr 17, 2026, 08:26 PM | 2 min read
വനിതാ സംവരണം എന്ന മനോഹരമായ വാഗ്ദാനത്തിന് മറവില്‍ കേന്ദ്രസർക്കാർ ഒളിപ്പിച്ചുവെച്ച രാഷ്ട്രീയ കെണികൾ ഒടുവിൽ ലോക്‌സഭയിൽ പൊളിഞ്ഞുവീണിരിക്കുകയാണ്. 33 ശതമാനം സംവരണം എന്ന സ്ത്രീകളുടെ കാലങ്ങളായുള്ള ആവശ്യത്തെ മുൻനിർത്തി, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരയ്ക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും തീവ്രശ്രമത്തിനാണ് പ്രതിപക്ഷം തടയിട്ടത്.
ഭരണഘടനാ ഭേദഗതി പാസാക്കാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 വോട്ടുകൾ) ആവശ്യമാണെന്നിരിക്കെ, കേവലം 293 അംഗങ്ങളുടെ ബലത്തിൽ ബില്ല് കടത്തിവിടാൻ കഴിയില്ലെന്ന് ബോധ്യമുണ്ടായിട്ടും ബിജെപി നടത്തിയ രാഷ്ട്രീയ നാടകത്തിനാണ് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് തൊട്ടുമുൻപ് 2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ഇറക്കിയത് തന്നെ പരാജയം മുൻകൂട്ടി കണ്ടുള്ള കേന്ദ്രത്തിന്റെ വെപ്രാളമായിരുന്നു. സംവരണത്തിന് തങ്ങൾ അനുകൂലമാണെന്ന് വരുത്തിത്തീർക്കാനുള്ള ഈ കപടനാടകം 18 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ സഭയിൽ തെളിവുകൾ സഹിതം തുറന്നുകാട്ടപ്പെട്ടു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച 131–ാം ഭേദഗതി ബില്ലും അനുബന്ധ ബില്ലുകളും പരാജയപ്പെട്ടത് വെറുമൊരു സാങ്കേതിക തകർച്ചയല്ല. മറിച്ച് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ കരുത്തിനെയും അടിച്ചമർത്താൻ മോദി സർക്കാർ മെനഞ്ഞ ഗൂഢലക്ഷ്യങ്ങൾക്കുള്ള കനത്ത പ്രഹരമാണ്. യഥാർത്ഥത്തിൽ വനിതാ സംവരണം നടപ്പാക്കാൻ നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളിൽ മാറ്റം വരുത്തേണ്ട യാതൊരു സാങ്കേതിക ആവശ്യവുമില്ല. എന്നാൽ, സംവരണത്തിന്റെ മറവിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തി ഉത്തരേന്ത്യൻ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് കേന്ദ്രം കരുക്കൾ നീക്കിയത്.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുന്നതോടെ ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ കുത്തനെ വർദ്ധിക്കുകയും, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ ശബ്ദം നാമമാത്രമാവുകയും ചെയ്യും. നിലവില്‍ ഈ വര്‍ഷം പുതിയ സെന്‍സസ് ആരംഭിച്ചിരിക്കുകയാണ്. അത് പൂര്‍ത്തിയാകാന്‍ പോലും കാത്തിരിക്കാതെയാണ് പഴയ സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നീക്കം നടത്തിയത്.
നിലവില്‍ കഷ്ടിച്ചാണ് ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ തെലുങ്ക് ദേശം, ജെഡിയു പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. അതിനാല്‍ 2029ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയ്ക്ക് അധികാരം നഷ്ടപ്പെടുമെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഈ നീക്കം.
വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും രാജ്യത്തിന് മാതൃകയായ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കുന്ന കേന്ദ്രത്തിന്റെ ഈ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് 'ജനാധിപത്യ ധ്വംസനം' എന്നാണ്. ഒരു ഭാഗത്ത് സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലരാവുകയും മറുഭാഗത്ത് സംസ്ഥാനങ്ങളുടെ തുല്യനീതിയെ ഹനിക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് ഇവിടെ അരങ്ങേറിയത്.
അതേസമയം ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ സ്ത്രീശാക്തീകരണത്തിന് എതിരല്ല എന്നതും നമ്മൾ മനസിലാക്കണം. പ്രതിപക്ഷം സ്ത്രീശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾക്കും എതിരാണെന്ന ഒരു പ്രതീതി സൃഷ്ടിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ കാണിച്ച ബദൽ പാത കേന്ദ്രത്തിന് മുന്നിലുണ്ട്. 2009-ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിക്കൊണ്ട് വിപ്ലവകരമായ നിയമഭേദഗതി കൊണ്ടുവന്നത്. നിയമം പാസാക്കിയതിന് പിന്നാലെ 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ ഇത് പ്രാവർത്തികമാക്കി കേരളം ലോകത്തിന് മാതൃകയായി.
കേന്ദ്രത്തിൽ തങ്ങൾക്ക് അനുകൂലമായ ഒരു സ്ഥിരം ഭൂരിപക്ഷം സൃഷ്ടിക്കാനും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളെ റദ്ദാക്കാനുമുള്ള ആർഎസ്എസ് അജണ്ടയാണ് ഈ ബില്ലിന്റെ അന്തർധാര. 'ഒരു രാജ്യം, ഒരു സംസ്‌കാരം' എന്ന ഏകശിലാത്മകമായ ആശയത്തിലേക്ക് ഇന്ത്യയെ ചുരുക്കാൻ ശ്രമിക്കുന്ന മോദി സർക്കാർ, പ്രാദേശികമായ വൈവിധ്യങ്ങളെയും ഫെഡറൽ മൂല്യങ്ങളെയും തകർക്കാനാണ് തുനിയുന്നത്.
ലോക്‌സഭയിൽ ബില്ലുകൾ പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. സ്ത്രീകളുടെ അവകാശങ്ങളെ രാഷ്ട്രീയ അട്ടിമറികൾക്കും അധികാരമുറപ്പിക്കലിനും വേണ്ടിയുള്ള മറയാക്കാൻ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രതിപക്ഷം ഇതിലൂടെ നൽകിയിരിക്കുന്നത്.










0 comments