ad
Deshabhimani

വനിതാസംവരണത്തിന്റെ മറവിൽ മണ്ഡലപുനർനിർണയം: ലോക്സഭയിൽ ചർച്ച, എതിർക്കാൻ പ്രതിപക്ഷം

parliament

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 16, 2026, 06:46 AM | 1 min read

ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിരോധിക്കാൻ പ്രതിപക്ഷം. വനിതാ സംവരണ ബിൽ ഇന്നും നാളെയുമായി ലോക്സഭയിൽ ചർച്ചയ്ക്ക് വരും. ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്തിക്കൊണ്ട് സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 'ഇന്ത്യ' (INDIA) സഖ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തെത്തി.


ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് ബില്ലിലെ ശുപാർശ. നിലവിലുള്ള അംഗസംഖ്യയുടെ പകുതിയോളം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ വീതം കൂടുമെന്നതിൽ ബില്ലിൽ വ്യക്തതയില്ല.


സീറ്റുകൾ വർദ്ധിപ്പിക്കാതെ നിലവിലുള്ള 543 സീറ്റുകളിൽ തന്നെ മൂന്നിലൊന്ന് സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിച്ച് അധികാരം നിലനിർത്താനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


വ്യാഴാഴ്‌ച്ച ചേരുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ–2026, കേന്ദ്രഭരണപ്രദേശ നിയമ ഭേദഗതി ബിൽ–2026, 131-ാം ഭരണഘടനാ ഭേദഗതി ബിൽ–2026 എന്നിവയാണ് കേന്ദ്രം കൊണ്ടുവരുന്നത്. സംസ്ഥാനസർക്കാരുകളുമായും പ്രതിപക്ഷവുമായും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയിട്ടില്ല. ചൊവ്വാഴ്‌ച മാത്രമാണ്‌ ബില്ലുകളുടെ പകർപ്പുകൾ അംഗങ്ങൾക്ക്‌ കേന്ദ്രം വിതരണം ചെയ്‌തത്‌.


മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കകൾക്ക്‌ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഉത്തർപ്രദേശ്‌, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് ഗണ്യമായി കൂടും. കേരളം, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയും. ബില്ലുമായി ബന്ധപ്പെട്ട അന‍ൗദ്യോഗിക ചർച്ചകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ‘തുല്യമായ ആനുപാതിക വർധന’ ഉറപ്പാക്കും എന്ന്‌ കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കരടിൽ ഇതേകുറിച്ച്‌ പരാമർശമില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home