സ്ത്രീ സംവരണം മറയാക്കി മണ്ഡല പുനർനിർണയം
കള്ളംപൊളിച്ച് പ്രതിപക്ഷം


എം അഖിൽ
Published on Apr 17, 2026, 03:04 AM | 2 min read
ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയ പ്രാതിനിധ്യം ദുർബലമാക്കാനും കേന്ദ്രത്തിൽ ദീർഘകാല അധികാരം കൈപ്പിടിയിലൊതുക്കാനും മോദി സർക്കാർ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധ ബില്ലുകളെ ലോക്‌സഭയിൽ ഒറ്റക്കെട്ടായി എതിർത്ത് പ്രതിപക്ഷം. 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെ രാഷ്‌ട്രീയ അജൻഡ വ്യാഴാഴ്‌ച തുടങ്ങിയ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷം തുറന്നുകാട്ടി. 33 ശതമാനം വനിതാ സംവരണവും ലോക്സഭാ സീറ്റുകൾ 543ൽനിന്ന് 816 ആയി ഉയർത്താനും ലക്ഷ്യമിട്ട് കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ഭരണഘടന (131 –ാം ഭേദഗതി) ബിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയിൽ 18 മണിക്കൂറോളം നീളുന്ന ചർച്ചയ്‌ക്ക് ശേഷം വെള്ളി പകൽ നാലിന് വോട്ടെടുപ്പ്. ഭരണഘടനാഭേദഗതി ബില്ലിന് ശബ്‌ദവോട്ടിലൂടെ അവതരണാനുമതി നൽകാനുള്ള സ്‌പീക്കറുടെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. തുടർന്ന് വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ പിന്തുണച്ചു. 185പേർ എതിർത്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് വൻതോതിൽ വർധിപ്പിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അടിച്ചമർത്താനാണ് നീക്കമെന്നും 2029ലും അധികാരം നിലനിർത്താനാണ് ബില്ലുകൾ കൊണ്ടുവന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്ലുകൾ ജനാധിപത്യവിരുദ്ധവും ഫെഡറിലസത്തിന് നേരെയുള്ള കടന്നാക്രമണവുമാണെന്ന് സിപിഐ എം ലോക്‌സഭാ കക്ഷി നേതാവ് കെ രാധാകൃഷ്‌ണനും വ്യക്തമാക്കി.പ്രതിപക്ഷം ഉന്നയിച്ച ഗുരുതര വിമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി ഉണ്ടായിരുന്നില്ല.
കണക്കിൽ തോൽവി ഉറപ്പ്
നിലവിൽ 540 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. എല്ലാ അംഗങ്ങളും ഹാജരായി വോട്ട് ചെയ്യുന്ന പക്ഷം ബിൽ പാസാക്കണമെങ്കിൽ 360 വോട്ടെങ്കിലും വേണം. എൻഡിഎയ്‌ക്ക് 293 അംഗങ്ങൾ, പ്രതിപക്ഷത്തിന് 233ഉം. ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ട്. വൈഎസ്‌ആർസിപി, എഐഎംഐഎം, ശിരോമണി അകാലിദൾ എന്നീ പാർടികളിൽ നിന്നുള്ളവരാണ് ബാക്കി ഏഴംഗങ്ങൾ. ഇൗ പാർടികൾ ബില്ലിനെപിന്തുണച്ചിട്ടില്ല. ഭരണഘടനാഭേദഗതി പാസാക്കാൻ ഭരണപക്ഷത്തിന് 67 വോട്ടുകൂടി നേടണം. വൈഎസ്‌ആർസിപിയുടെ നാല് അംഗങ്ങൾ പിന്തുണച്ചാലും സർക്കാരിന്റെ ഭൂരിപക്ഷം 297ലൊതുങ്ങും. ലോക്‌സഭയിൽ പരാജയപ്പെട്ടാൽ ബിൽ രാജ്യസഭയിലേക്ക് വിടേണ്ടകാര്യമില്ല.
ഫെഡറൽ സംവിധാനം തകർക്കുന്ന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്ഡല പുനർനിർണയത്തിന്റെ പേരിൽ കേന്ദ്ര സർക്കാറിന്റെ ധൃതിപിടിച്ച നീക്കം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഭരണപരിഷ്‌കാരമെന്ന നിലയിൽ അതിനെ ചുരുക്കിക്കാണാനാകില്ല.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയെയും ബാധിക്കുന്നതാണ്. നിർണായക വിഷയത്തിൽ സംസ്ഥാനങ്ങളുമായി സമവായത്തിന് കേന്ദ്രം തയ്യാറായിട്ടില്ല. ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ ആധിപത്യം ലോക്‌സഭാ സീറ്റുകളാക്കി മാറ്റി ദീർഘകാലത്തേക്ക് അധികാരം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്.
ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്‌ത്രീശാക്തീകരണം തുടങ്ങിയവയിലും മുന്നേറിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുകയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ന്യായമായ ഫെഡറൽ ക്രമമല്ല. ‘ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്‌ടം, നിയന്ത്രിക്കാതിരുന്നാൽ നേട്ടം’ എന്ന സന്ദേശം ജനാധിപത്യത്തിന്റെ ദിശയാകുന്നത് അപകടകരമാണ്. കേന്ദ്രസർക്കാരിന്റെ കുടുംബാസൂത്രണ നയമനുസരിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യം കുറയുകയും വീഴ്‌ച വരുത്തിയവയ്‌ക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.
സ്‌ത്രീസംവരണത്തെ ഇതിന് മറയാക്കുന്നത് സ്വാർഥ രാഷ്‌ട്രീയലാഭത്തിനാണ്. സ്‌ത്രീകൾക്ക് രാഷ്‌ട്രീയ പ്രതിനിധാനം ഉറപ്പാക്കേണ്ടത് അനിവാര്യം. എന്നാൽ അതിന്റെ മറവിൽ സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കണം. ജനാധിപത്യവിരുദ്ധ നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണം– മുഖ്യമന്ത്രി ആവശ്യപ്പെട്ടു.










0 comments