ad
Deshabhimani

പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി തല്ലികൊന്നു

Love rejection

കൊല്ലപ്പെട്ട വൈഷ്ണവി (Photo: X)

വെബ് ഡെസ്ക്

Published on May 18, 2026, 11:23 AM | 1 min read

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ കൂട്ടംചേർന്ന് തല്ലികൊന്നു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് സംഭവം. ജഡ്ചേർലയിലെ സ്വകാര്യസ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈ. വൈഷ്ണവി(21)യാണ് ശനിയാഴ്ച വൈകീട്ട് നടുറോഡിൽ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ യുവാവ് വൈഷ്ണവിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് വിവരം. ഇയാൾ പലതവണ പ്രണയാഭ്യർഥന നടത്തി. എന്നാൽ, യുവതി ഇതെല്ലാം നിരസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈഷ്ണവിക്ക് നേരെ ആക്രമണമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവതിയെ കഴുത്തറത്ത് പരിക്കേൽപ്പിച്ച പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തി. തുടർന്ന് നാട്ടുകാരാണ് പ്രതിയെ ഓടിച്ചിട്ട് പിടിച്ച ശേഷം കൈയും കാലും കെട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു. ആൾകൂട്ട മർദനത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാത്രിയോടെ മരിച്ചു.


പ്രതിയുടെ പേര് തേജ എന്നാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽഫോണുകളോ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യുവാവും കൊല്ലപ്പെട്ട യുവതിയും നേരത്തേ ഒരേസ്‌കൂളിൽ ജോലിചെയ്തിരുന്നവരാണെന്ന് വിവരങ്ങളുണ്ട്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home