യുവതികളെ വലയിലാക്കി അന്താരാഷ്ട്ര തലത്തിൽ വാടക ഗര്‍ഭധാരണവും അണ്ഡദാനവും നടത്തുന്ന സംഘം പിടിയിൽ

മുംബൈ: ഗര്‍ഭധാരണ ശേഷിയില്ലാത്ത സ്ത്രീകൾക്കായി അവിവാഹിതരായി യുവതികളെ എത്തിച്ച് നൽകി അനധികൃത മാര്‍ഗ്ഗത്തിൽ വാടക ഗര്‍ഭധാരണവും അണ്ഡദാനവും നടത്തിക്കുന്ന സംഘം പിടിയിൽ. താനെ കേന്ദ്രമാക്കിയുള്ള അനധികൃത ഫെര്‍ട്ടിലിറ്റി റാക്കറ്റ് നയിച്ചിരുന്ന സ്ത്രീയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. അണ്ഡദാനം നിര്‍വ്വഹിച്ച് തിരികെ വരുമ്പോൾ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്. കൂട്ടാളിയായ ഒരു സ്ത്രീയെ പൊലീസ് തിരയുന്നു.
പിടിയിലായ പ്രതികളിലൊരാളായ സുനോതി ബെലേൽ (44)ആണ് സംഘത്തെ നയിച്ചിരുന്നത്. ഇവര്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഫെർട്ടിലിറ്റി സെന്ററുകളിലേക്ക് അവിവാഹിതരായ സ്ത്രീകളെ അണ്ഡ വിതരണക്കാരായി എത്തിച്ചിരുന്നതായി സഹാർ പൊലീസ് പറയുന്നു. ഇന്ത്യൻ നിയമപ്രകാരം അവിവാഹിതയായ ഒരു സ്ത്രീക്ക് അണ്ഡം ദാനം ചെയ്യാൻ കഴിയില്ല. വ്യാജ രേഖകളുടെ സഹായത്തോടെ ഇത്തരം സ്ത്രീകളെ വിവാഹിതരും അമ്മമാരുമായി കാണിച്ചായിരുന്നു നടത്തിപ്പ്.
കല്യാൺ നിവാസിയായ ബെലേലിനെ വെള്ളിയാഴ്ച ബാങ്കോക്കിൽ നിന്ന് എത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. തൊട്ടു പിന്നാലെ എത്തിയ താനെ നിവാസിയായ സീമ വിൻസരത് (29)ഉം പിടിയിലായി. ഇരുവരും ബാങ്കോക്ക് യാത്ര കഴിഞ്ഞ് തിരികെ എത്തിയതായിരുന്നു.
ബാങ്കോക്കിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ കഴിയാതെ വന്നപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഇവരെ കുറിച്ച് പൊലീസിന് സൂചന നൽകിയത്. യാത്ര സംബന്ധിച്ച ചോദ്യം ചെയ്യലിനിടെ അണ്ഡദാന പരിശോധനകൾക്കായി ദാതാവായി ബെലേലിനൊപ്പം ബാങ്കോക്കിലേക്ക് പോയതായും യാത്രയ്ക്കായി ഗണ്യമായ തുക ലഭിച്ചതായും സീമ വിൻസാരത് മൊഴി നൽകി. ഇതോടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ പൊലീസിന് വിവരം കൈമാറി.
പൊലീസ് എത്തി ഇവരെ കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു. സംഗീത ബാഗുളി എന്നിവര്‍ക്കൊപ്പം താനെയിൽ എലൈറ്റ് കെയർ എന്ന പേരിൽ ഒരു ഫെര്‍ട്ടിലിറ്റ് ഏജൻസി നടത്തുന്നതായി സുനോതി ബെലേൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ഫെർട്ടിലിറ്റി സെന്ററുകളിലേക്ക് അണ്ഡദാതാക്കളെയും വാടക അമ്മമാരെയും വിതരണം ചെയ്തതായും ബെലേൽ പോലീസിനോട് പറഞ്ഞു.ഇവര്‍ പരാമര്‍ശിച്ച സംഗീത ബാഗുളിയെ പൊലീസ് തിരയുകയാണ്.
2022മുതൽ ബാഗുളുമായി ബന്ധപ്പെട്ട് അണ്ഡം നൽകി വരുന്നതായി സീമ വിൻസരത്ത് മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അണ്ഡം നൽകി തിരികെ വരുന്ന വഴിയാണ് വിമാനത്താവളത്തിൽ എത്തിയതും എമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ സംശയിച്ചതും എന്നും സമ്മതിച്ചു.
ബെലേലിന്റെയും ബാഗുളിന്റെയും സഹായത്തോടെ തന്റെ അണ്ഡങ്ങൾ വിൽക്കാൻ കെനിയ (2024),കസാക്കിസ്ഥാൻ (ഫെബ്രുവരി 2025),തായ്‌ലൻഡ് (ജനുവരി 2026)എന്നിവിടങ്ങളിലെ ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ പോയതായി അവർ വെളിപ്പെടുത്തി. ചില ശ്രമങ്ങൾ മെഡിക്കൽ കാരണങ്ങളാൽ പരാജയപ്പെട്ടതും അറിയിച്ചു.കൂടുതൽ സ്ത്രീകൾ ഈ സംഘത്തിന്റെ വലയത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് വിശദമാക്കുന്നു.
2021ലെ സറോഗസി (റെഗുലേഷൻ)ആക്ട് പ്രകാരം ഇന്ത്യയിൽ ഒരു സ്ത്രീ അണ്ഡദാനം നിര്‍വ്വഹിക്കുന്നതിനുള്ള അനുമതിക്ക് പ്രാപ്തമാവണമെങ്കിൽ വിവാഹിതയും ഒരു കുട്ടിയുടെ എങ്കിലും അമ്മയും ആയിരിക്കണം.വാണിജ്യ സറോഗസി നിയമം അനുവദിക്കുന്നുമില്ല.









0 comments