ദുരഭിമാനക്കൊല; മധുരയിൽ യുവാവിനെ കാർ കയറ്റി കൊന്നു

മധുരൈ: മധുരയിൽ യുവാവിനെ കാർ കയറ്റി കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ് കുമാറാ (21) ണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സതീഷിന്റെയും കൂടെയുണ്ടായിരുന്ന രാഘവി (24) യുടെയും മേൽ രാഘവിയുടെ പിതാവ് കാർ കയറ്റുകയായിരുന്നു. ഇതേത്തുടർന്ന് യുവാവ് മരിച്ചു. യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഘവിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.
മൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം രാഘവി ബന്ധുവായ സതീഷ് കുമാറിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. വിധവയായ രാഘവിക്ക് 2 മക്കളുണ്ട്.
കഴിഞ്ഞ മാസം ദമ്പതികൾ തിരുച്ചിറപ്പള്ളിയിലേക്ക് ഒളിച്ചോടിയിരുന്നെങ്കിലും, വിവാഹം നടത്തിത്തരാമെന്ന് വീട്ടുകാർ വാഗ്ദാനം ചെയ്തതിനെ തുടർന്ന് രാഘവി വീട്ടിലേക്ക് മടങ്ങി. ശനിയാഴ്ച, കുമാർ രാഘവിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ, തന്നെ കുടുംബം വീട്ടിൽ അടച്ചിട്ടിരിക്കുകയാണെന്ന് രാഘവി പറഞ്ഞു. ഇതിനിടെ ഇവർ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായി രാഘവിയുടെ കുടുംബം ആരോപിച്ചിരുന്നു. മേലൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എവിടെയും എത്തിയിരുന്നില്ല.
തുടർന്ന് സതീഷും രാഘവിയും ഇരുചക്രവാഹനത്തിൽ തിരുച്ചിറപ്പള്ളിയിലേക്ക് പോയി. മേലൂരിനടുത്തുള്ള ഹൈവേയിൽ വെച്ച് ദമ്പതികളെ പിന്തുടർന്നെത്തിയ രാഘവിയുടെ കുടുംബാംഗങ്ങൾ കാർ ഇടിച്ചുകയറ്റി അവരുടെ മേൽ കയറ്റിയിറക്കിയതായി പൊലീസ് പറഞ്ഞു. കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാഘവിയെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണ്.









0 comments