ad
Deshabhimani

കുടുംബകലഹം; ഉറങ്ങിക്കിടന്ന ഭർത്താവിനെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്ന് ഭാര്യ

knife
വെബ് ഡെസ്ക്

Published on Jul 02, 2026, 06:51 AM | 1 min read

ഹൈദരാബാദ്: തെലങ്കാനയിൽ കുടുംബകലഹത്തെത്തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഇളയ മകന്റെ മുന്നിൽ വെച്ച് ഭാര്യ കുത്തിക്കൊലപ്പെടുത്തി. മഹാബൂബ്‌നഗർ ജില്ലയിലെ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഗേഷ് (38) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കവിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


കഴിഞ്ഞ 15 വർഷമായി വിവാഹിതരായ ഇവർക്കിടയിൽ നാഗേഷിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാഗേഷ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കവിത മൂർച്ഛയേറിയ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഇവരുടെ മൂത്ത മകൻ ഹോസ്റ്റലിലും, രണ്ടാമത്തെ മകൻ വീടിന് പുറത്തുമായിരുന്നു ഉറങ്ങിയിരുന്നത്. എന്നാൽ ഏറ്റവും ഇളയ മകൻ ഈ സമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്നു.


ഭാര്യ തന്നെ ആക്രമിക്കുന്നതിനിടെ നാഗേഷ് നിലവിളിക്കുന്നത് കേട്ട് മകനും അയൽക്കാരും ഓടിയെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ നിരന്തരം കതകിൽ മുട്ടിയതിനെത്തുടർന്ന് കവിത പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് അകത്തുകയറിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന നാഗേഷിനെയാണ്.


ഉടൻ തന്നെ ഇയാളെ ജില്ലാ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒസ്മാനിയ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വിവാഹേതര ബന്ധമാണോ എന്ന കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home