അമേരിക്കൻ സ്വപ്നങ്ങൾക്ക് കരുത്ത്; പത്ത് പേരായി ചുരുങ്ങിയിട്ടും ബോസ്‌നിയയെ വീഴ്ത്തി പ്രീ ക്വാർട്ടറില്‍

FIFA World Cup/facebook.com/photo
സാൻ ഫ്രാൻസിസ്‌കോ: അമേരിക്കയുടെ പ്രീക്വാർട്ടർ കിനാവുകൾ യാഥാർഥ്യമായി. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ആദ്യമത്സരങ്ങളിലെ ആധിപത്യം നോക്കൗട്ടിലും തുടർന്ന ടീം, ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മുന്നേറിയത്. അരമണിക്കൂർ നേരം പത്ത് പേരായി ചുരുങ്ങിയിട്ടും തളരാതെയാണ് അമേരിക്കൻ കുതിപ്പ്. നാല് തവണ ജേതാക്കളായ ഇറ്റലിയെ പ്ലേഓഫ് ഫൈനലിൽ കീഴടക്കിയ ബോസ്‌നിയയുടെ പോരാട്ടം ഇതോടെ റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.
ചരിത്രത്തിലാദ്യമായി നോക്കൗട്ട് യോഗ്യത നേടിയ ബോസ്‌നിയയ്ക്കെതിരെ തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് അമേരിക്ക കളിച്ചത്. 32-ാം മിനിറ്റിലും ഫൊളാരിൻ ബലോഗൻ അമേരിക്കയ്ക്കായി ഗോൾ കണ്ടെത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തുകയായിരുന്നു. പിന്നാലെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ബലോഗനിലൂടെ അമേരിക്ക മുന്നിലെത്തി. ബോസ്‌നിയ ഡിഫൻഡറുടെ കാലിൽ തട്ടി തിരിച്ചുവന്ന പന്ത് ബലോഗൻ വലയിലെത്തിക്കുകയായിരുന്നു.
ഗോൾ നേടി ഹീറോയായ ബലോഗൻ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 64-ാം മിനിറ്റിൽ ബോസ്നിയയുടെ മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിനായിരുന്നു റെഡ് കാർഡ്. വാർ പരിശോധിച്ച ശേഷമാണ് റഫറിയുടെ തീരുമാനം. ഇതോടെ അമേരിക്ക പത്ത് പേരായി ചുരുങ്ങി. എന്നാൽ പൊരുതി കളിച്ച ടീം മാലിക് ടിൽമെനിലൂടെ 82-ാം മിനിറ്റിൽ ലീഡ് രണ്ടാക്കി ഉയർത്തി. ജൂലൈ ഏഴിന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ബെൽജിയമാണ് അമേരിക്കയുടെ എതിരാളി.










0 comments