ad
Deshabhimani

'തടിച്ചി'യെന്ന് വിളിച്ച് ആക്ഷേപം, കൂടുതൽ സ്ത്രീധനത്തിനായി പീഡനം; 29കാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു

Crime Scene
വെബ് ഡെസ്ക്

Published on Jul 02, 2026, 07:39 AM | 1 min read

ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ സ്ത്രീധന പീഡന കൊലപാതകം. വണ്ണത്തിന്റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്ത ഒടുവിൽ പ്രിയങ്ക കമലകർ (29) എന്ന യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ധാർവാഡ് ജില്ലയിലെ നവൽഗുന്ദ് താലൂക്കിലുള്ള ഹനസി ഗ്രാമത്തിൽ ജൂൺ 29 തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.


കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്. കഴിഞ്ഞ 2024 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ബസവരാജ് വദ്ദറിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ ദാമ്പത്യജീവിതത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ പ്രിയങ്കയ്ക്ക് നേരെ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ക്രൂരമായ പീഡനങ്ങൾ തുടങ്ങി.


കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബസവരാജും ഇയാളുടെ വീട്ടുകാരും പ്രിയങ്കയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന് പുറമെ കടുത്ത ശരീര അധിക്ഷേപങ്ങൾക്കും പ്രിയങ്ക ഇരയായിരുന്നു.


തന്നേക്കാൾ വണ്ണമുണ്ടെന്ന് പറഞ്ഞ് 'തടിച്ചി' എന്ന് വിളിച്ച് ബസവരാജ് പ്രിയങ്കയെ എപ്പോഴും പരിഹസിക്കുമായിരുന്നു. വണ്ണമുള്ളതുകൊണ്ട് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞ് പീഡിപ്പിക്കുന്നത് പതിവായിരുന്നുവെങ്കിലും പ്രിയങ്ക രണ്ട് തവണ ഗർഭിണിയായതാണ്. എന്നാൽ ഭർത്താവിന്റെ ക്രൂരമായ മർദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിക്കുകയായിരുന്നുവെന്ന് പ്രിയങ്കയുടെ അമ്മാവൻ വെളിപ്പെടുത്തി.


യുവതിയുടെ മരണത്തിന് പിന്നാലെ പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് ബസവരാജ് വദ്ദറിനെയും ഇയാളുടെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home