ad
Deshabhimani

50 ലക്ഷത്തിന്റെ സമ്മാനപ്പൊതിക്കായി യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; കൊച്ചിയിൽ ഓൺലൈൻ സുഹൃത്തിന്റെ ചതി

cyber fraud crime

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 08:41 AM | 1 min read

കൊച്ചി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വ്യാജ സുഹൃത്തിന്റെ ലോട്ടറി തട്ടിപ്പിൽ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി. 50 ലക്ഷം രൂപ വിലമതിക്കുന്ന വൻ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് എളംകുളം സ്വദേശിനിയായ യുവതിയിൽ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്തത്.


തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ യുവതി നൽകിയ പരാതിയിൽ കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂൺ 15-നാണ് യുവതി സാമൂഹികമാധ്യമം വഴി ഈ അപരിചിതനെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ താൻ 50 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ അടങ്ങിയ ഒരു പാഴ്‌സൽ നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാൾ യുവതിയെ ധരിപ്പിച്ചു.


എന്നാൽ ഈ പാഴ്‌സൽ കൈപ്പറ്റണമെങ്കിൽ 'കസ്റ്റംസ് ക്ലിയറൻസ് ഫീസ്' ഇനത്തിൽ പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പലതവണയായി യുവതിയെ സമീപിക്കുകയായിരുന്നു. സുഹൃത്തിനെ പൂർണ്ണമായി വിശ്വസിച്ച യുവതി പല ഘട്ടങ്ങളിലായി 2.50 ലക്ഷം രൂപ ഇയാൾക്ക് കൈമാറി. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ ദിനേഷ് എന്നയാളുടെ പേര് വിവരങ്ങളുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്.


ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് അയച്ചിട്ടും സമ്മാനപ്പൊതി വരാതിരിക്കുകയും പിന്നീട് സുഹൃത്തിനെ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇത്തരത്തിലുള്ള ഓൺലൈൻ പാർസൽ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home