ad
Deshabhimani

യുവാവിനെ കമ്പിവടി ഉപയോഗിച്ച് അടിച്ചുകൊന്നു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

jail new

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 09:29 AM | 1 min read

കൊട്ടാരക്കര : യുവാവിനെ കമ്പിവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മയ്യനാട് ആതിര ഭവനിൽ അനിലിനെ (23) കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയായ മയ്യനാട് തെക്കുകര പണ്ടാലയിൽ തെക്കതിൽ വീട്ടിൽ സന്തോഷി (37)നെയാണ് പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) പ്രത്യേക കോടതി ജഡ്‌ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.


കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട അനിലിന്റെ സഹോദരീ ഭർത്താവുമായ മയ്യനാട് തെക്കുംകര കുളങ്ങര പുത്തൻവീട്ടിൽ അനീഷ് വിചാരണവേളയിൽ മരിച്ചു. പിഴത്തുകയും വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം നിജപ്പെടുത്തുന്ന തുകയും കൊല്ലപ്പെട്ട അനിലിന്റെ അമ്മ ബേബിക്ക് നൽകുന്നതിനും ഉത്തരവായി.


2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അനിലിന്റെ സഹോദരി ആതിര ഇതരസമുദായക്കാരനായ അനീഷിനെ വിവാഹം കഴിച്ചു. തുടർന്ന് സ്വത്ത് സംബന്ധിച്ച് അനീഷ് ആതിരയുടെ വീട്ടുകാരുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. സംഭവ ദിവസവും ഇതുസംബന്ധിച്ച് വാക്കുതർക്കം ഉണ്ടാക്കിയതിനുശേഷം അനീഷ് വീട്ടിൽനിന്ന് ഇറങ്ങി പോകുകയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്തിയ അനിലിനോട് ആതിര വിവരം പറയുകയും ഭർത്താവിനെ അനുനയിപ്പിച്ച് കൊണ്ടുവരാൻ ആവശ്യപ്പെടുകയുമായിരുന്നു.


തുടർന്ന് അനിൽ നടത്തിയ അന്വേഷണത്തിൽ അനീഷ് രണ്ടാം പ്രതി സന്തോഷിന്റെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കി. ഇവിടെവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അനീഷും സന്തോഷും ചേർന്ന്‌ അനിലിനെ അടിച്ചുകൊല്ലുകയുമായിരുന്നു. വിചാരണവേളയിൽ പല സാക്ഷികളും കൂറുമാറിയിരുന്നു. 26 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി എസ് സന്തോഷ് കുമാർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home