ദേശീയപാതയിലെ ഗർത്തം: കോൺക്രീറ്റ് മിശ്രിതം നിറച്ച് അടച്ചു; സമഗ്രപരിശോധന നടത്തുമെന്ന് എൻഎച്ച്‌എഐ

ദേശീയപാതയിൽ ചേർത്തല 11–ാം മൈൽ ജങ്‌ഷന് തെക്ക് മേൽപ്പാതയിൽ രൂപപ്പെട്ട അഗാധഗർത്തം

സ്വന്തം ലേഖകൻ
Published on Jul 02, 2026, 10:33 AM | 2 min read
ചേർത്തല : നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ചേർത്തല 11–ാം മൈൽ ജങ്‌ഷന് തെക്ക് മേൽപ്പാതയിൽ രൂപപ്പെട്ട അഗാധഗർത്തം കോൺക്രീറ്റ് മിശ്രിതം നിറച്ച് അടച്ചു. ഗർത്തം അടച്ചത് താൽക്കാലിക നടപടിയാണെന്നും സംഭവത്തിൽ സമഗ്രപരിശോധന നടത്തുമെന്നും ദേശീയപാത അതോറിട്ടി പറഞ്ഞു. ചൊവ്വാഴ്‌ച വൈകിട്ട് ഗർത്തം രൂപപ്പെട്ടയിടം അതോറിട്ടി അധികൃതർ സന്ദർശിച്ചു.
സമഗ്രപരിശോധനയില്ലാതെ ഗർത്തം നികത്താനുള്ള നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വ വൈകിട്ട് പ്രതിഷേധിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി ബി സലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് എത്തി കരാർ കമ്പനി അധികൃതരും പ്രതിഷേധക്കാരുമായി ചർച്ചചെയ്‌താണ് പ്രശ്‌നം പരിഹരിച്ചത്.
അതോറിട്ടി അധികൃതരുടെ പരിശോധനയ്‌ക്ക് ശേഷമേ പരിഹാര നടപടിയുണ്ടാകൂവെന്നായിരുന്നു ധാരണ. എന്നാൽ പ്രതിഷേധക്കാർ മടങ്ങിയതിന് പിന്നാലെ രാത്രിതന്നെ കോൺക്രീറ്റ് മിശ്രിതം നിറച്ച് ഗർത്തം അടച്ചു. മേൽപ്പാതയിലൂടെ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ദേശീയപാത അതോറിട്ടി ഡിജിഎം ജോൺ ജീവന്റെ നേതൃത്വത്തിലെ സംഘം സ്ഥലം സന്ദർശിച്ചു. പാതക്കടിയിലൂടെ പോകുന്ന കുടിവെള്ളക്കുഴലിൽ നേരത്തെയുണ്ടായ ചോർച്ചയും മണ്ണൊലിപ്പുമാണ് ഗർത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. മറ്റിടങ്ങളിൽ സമാന പ്രശ്‌നം ഉണ്ടാകാനിടയൂണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിഎം പറഞ്ഞു. ഗർത്തം കോൺക്രീറ്റ് മിശ്രിതം നിറച്ച് അടച്ചത് താൽക്കാലിക നടപടി മാത്രമാണെന്നും തകർന്നയിടം പൊളിച്ച് ശാസ്‌ത്രീയമായി പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗർത്തം പൈപ്പ് പൊട്ടി മണ്ണൊലിപ്പുണ്ടാതിനാൽ; എൻഎച്ച്എഐയുടെ പ്രാഥമിക നിഗമനം
ദേശീയപാതയിൽ ചേർത്തല 11–ാം മൈൽ ജങ്‌ഷന് സമീപം അഗാധഗർത്തമുണ്ടായതിന് പിന്നിൽ റോഡിനടിയിലെ ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് (ജിഎഫ്‌ആർ) ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണൊലിപ്പാകാമെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) യുടെ പ്രാഥമിക നിഗമനം. എൻഎച്ച്എഐ, പൊതുമരാമത്ത് വകുപ്പ്, സംസ്ഥാന വാട്ടർ അതോറിറ്റി അധികൃതർ പരിശോധന നടത്തി.
ചൊവ്വ വൈകിട്ട് 5.30 ഓടെയാണ് പറവൂർ–തുറവൂർ സ്‌ട്രച്ചിൽ 11–ാം മൈലിന് സമീപം ഗർത്തം രൂപപ്പെട്ടത്. റോഡിന് സമാന്തരമായി പുതിയ ഡക്റ്റൈൽ അയൺ (ഡിഐ) ജലപൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രവർത്തനസജ്ജമാക്കി നിലവിലെ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നില്ല. പഴയ ജിഎഫ്‌ആർ പൈപ്പിലൂടെ ജലവിതരണം തുടരുകയായിരുന്നു. കഴിഞ്ഞയാഴ്ച പൈപ്പ് തകരാറിലായതോടെ റോഡിന് അടിയിലെ മണ്ണ് ഒലിച്ചുപോയി വലിയ കുഴി രൂപപ്പെട്ടതാണെന്നാണ് പ്രാഥമിക സങ്കേതിക പരിശോധനയ്‌ക്ക് ശേഷം വിലയിരുത്തുന്നതെന്നും എൻഎച്ച്‌എഐ അധികൃതർ അറിയിച്ചു.
റോഡ് തകർന്നതായി കണ്ടെത്തിയ ഉടനെ അപകടം ഒഴിവാക്കാൻ പ്രദേശം ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷിതമാക്കി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതിന്റെ മുഴുവൻ ചെലവും കരാറുകാരനിൽ നിന്നുതന്നെ ഈടാക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു.











0 comments