ആശങ്കയിൽ വിദ്യാര്‍ഥികൾ
എഞ്ചിനീയറിങ് കോളേജ് പ്രവേശനം, 30 ന് തുടങ്ങേണ്ടിയിരുന്ന ഓപ്ഷൻ റജിസ്ട്രേഷൻ നീളുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത(KEAM 2026) നേടിയ വിദ്യാർഥികൾക്കുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ഇനിയും തുടങ്ങാനായില്ല. സർക്കാർ, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിങ് കോളേജുകളിലേക്കുള്ള ബിരുദ പഠന പ്രവേശനത്തിനുള്ള ഓപ്ഷനുകൾ രേഖപ്പെടുത്താനുള്ള സൗകര്യം ജൂൺ 30 ന് തുടങ്ങേണ്ടതായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ ഇതേ തീയതിയാണ് നൽകിയരുന്നത്.
രണ്ടു ദിവസമായി ഓപ്ഷൻ റജിസ്ട്രേഷന് ലഭിച്ച വിദ്യാര്‍ഥികൾ പരിഭ്രാന്തിയിലായി. ഫലം പ്രഖ്യാപന വേളയിൽ മന്ത്രി റോജി എം ജോൺ പ്രവേശന റജിസട്രേഷന് 30 ന് തന്നെ തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ എങ്കിലും ഇതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതും അസ്ഥാനത്തായി. ജൂൺ 30 മുതൽ ജൂലൈ നാല് വരെയാണ് നേരത്തെ ഓപ്ഷൻ നൽകൽ അവസരം പ്രഖ്യാപിച്ചിരുന്നത്.
സ്വാശ്രയ കോളേജ് ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനിയും ധാരണയാക്കാൻ സര്‍ക്കാരിന് കഴിയാത്തതാണ് ഓപ്ഷൻ നീളുന്നത് എന്നാണ് വിവരം. വാര്‍ഷിക ഫീസ് അംഗീകരിച്ച് പ്രവേശന കരാര്‍ ഒപ്പിട്ട് വേണം നടപടികൾ ആരംഭിക്കാൻ. ഇവ നേരത്തെ പൂര്‍ത്തിയാക്കേണ്ടാതായിരുന്നു.
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ പുതുതായി നൽകാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ കൃത്യമായ വിവരം പോലും നൽകാൻ സര്‍ക്കാരിന് സാധിക്കാത്തതാണ് വിദ്യാര്‍ഥികളെ അങ്കലാപ്പിലാക്കുന്നത്.
ഫീസ് വര്‍ധന അനുവദിച്ചു നൽകി
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) നിബന്ധനപ്രകാരം ആഗസ്റ്റ് 14-നകം എഞ്ചിനീയറിംഗ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഒന്നാം ഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 30 മുതൽ ജൂലൈ 4 വരെ നിശ്ചയിച്ചിരുന്നത്. മാത്രമല്ല മന്ത്രിയുടെ തന്നെ അറിയിപ്പ് പ്രകാരം ജൂലൈ എട്ടിന് ആദ്യത്തെ അലോട്മെന്റ് വിവരം പ്രസിദ്ധീകരിക്കേണ്ടതുമാണ്. ജൂലൈ അവസാന വാരം അല്ലെങ്കിൽ ആഗസ്റ്റ് ആദ്യ വാരം പ്രവേശന നടപടികൾ പൂര്‍ത്തിയാക്കേണ്ടതാണ്.
സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ ഫീസ് ഘടനയിൽ സര്‍ക്കാര്‍ വര്‍ധന അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുൻ ഫീസ് തന്നെ തുടരുകയായിരുന്നു. ഇത്തവണ വി ഡി സതീശൻ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഞ്ച് ശതമാനം വര്‍ധന അനുവദിച്ച് നൽകി.











0 comments