ഒറ്റയടിക്ക് കൂടിയത് 2700 രൂപ; കുത്തനെ ഉയർന്ന് സ്വർണവില

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 2760 രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില 1,06,000 രൂപ എന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 345 രൂപ കൂടി വില 13,250 ആയി. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഒറ്റയടിക്ക് ഇത്രയും വർധിക്കുന്നത്. നിലവിൽ ഒരു പവൻ വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം 1,23,000 രൂപ വേണ്ടി വരും. ഡിസൈനിലെ മാറ്റം അനുസരിച്ച് പണിക്കൂലിയിൽ 5 മുതൽ 15 ശതമാനം വരെ മാറ്റം വരും.
24 കാരറ്റിന് പവൻ 1,15,640 രൂപയും ഗ്രാമിന് 14,455 രൂപയും 18 കാരറ്റിന് പവന് 86,728 രൂപയും ഗ്രാമിന് 10,841 രൂപയുമാണ് വില. വിവാഹ സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടായ വർധനവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ സ്വർണവിലയെ പ്രധാനമായി സ്വാധീനിച്ചിരുന്നത്. ഇതിനെത്തുടർന്ന് രാജ്യാന്തരതലത്തിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണം, വെള്ളി വിലകളിൽ വലിയ ഉയർച്ചതാഴ്ചകൾ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. സ്വർണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവുമാണ് പലരെയും ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിക്കുന്നത്. പണിക്കൂലി നൽകേണ്ടതില്ല എന്നതും വിൽക്കുമ്പോൾ മൂല്യം കുറയില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ വില. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു.










0 comments