ട്രെയിൻ ട്രാക്ക് ചെയ്യാൻ ‘പങ്‌ച്വാലിറ്റി’ ആപ്


സ്വന്തം ലേഖകൻ
Published on Jul 02, 2026, 09:30 AM | 1 min read
കൊല്ലം: ട്രെയിനുകളുടെ സമയവും സർവീസുകളിലെ കാലതാമസവും തത്സമയം നിരീക്ഷിക്കാനായി ഇന്ത്യൻ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. രൂപകൽപ്പനചെയ്ത ആദ്യത്തെ ആൻഡ്രോയിഡ് അധിഷ്ഠിത ആപ്പിന് പേരിട്ടിരിക്കുന്നത് ‘പങ്‌ച്വാലിറ്റി ബിഎസ്‌എ’ എന്നാണ്. സൗത്ത് കോസ്റ്റ് റെയിൽവേയുടെ വിജയവാഡ ഡിവിഷനാണ് ഈ പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ട്രെയിൻ വിവരങ്ങൾ അറിയാൻ ഉദ്യോഗസ്ഥർ ഡെസ്‌ക്‌ടോപ്പ് അധിഷ്ഠിത സംവിധാനങ്ങളെ ആയിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്.
പുതിയ സംവിധാനം വന്നതോടെ 15 മിനിറ്റിലധികം വരുന്ന ട്രെയിനുകളുടെ വൈകലും ചലനങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാൻ ആപ്പിലൂടെ റെയിൽവേ ഉദ്യോഗസ്ഥർക്ക് കഴിയും. റെയിൽവേ ഓഫീസർമാർക്കും കൺട്രോളർമാർക്കും എവിടെയിരുന്നും ട്രെയിൻ സർവീസുകൾ തടസ്സമില്ലാതെ നിരീക്ഷിക്കാനും പുതിയ മൊബൈൽ ആപ്ലിക്കേഷൻ വന്നതോടെ സാധിക്കും. പരമ്പരാഗത ഐസിഎംഎസ് വെബ് പോർട്ടൽ ഉപയോഗിക്കുമ്പോൾ ഒന്നിലധികം സ്‌ക്രീനുകൾ പരിശോധിക്കണം. ആവർത്തിച്ച് ഒടിപി നൽകി ലോഗിൻ ചെയ്യുകയും വേണം. ഈ പരിമിതികൾക്കെല്ലാം പുതിയ ആപ്പിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.











0 comments