ad
Deshabhimani

കോംബോ ഓഫർ കെണിയായി; ചിറയിൻകീഴിൽ ഷവർമയും ഷവായയും കഴിച്ച് 21 പേർക്ക് ഭക്ഷ്യവിഷബാധ

shawarma
വെബ് ഡെസ്ക്

Published on Jul 02, 2026, 07:55 AM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴിൽ കോംബോ ഓഫർ പരസ്യം കണ്ട് വാങ്ങി കഴിച്ച ഷവർമയിൽ നിന്നും ഷവായിൽ നിന്നും ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന 'സിഗ്നേച്ചർ ഡിഷസ്' എന്ന സ്ഥാപനത്തിൽ നിന്നും തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേരാണ് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്.


കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പുതുതായി ആരംഭിച്ച ഈ കടയിൽ, ആകർഷകമായ കോംബോ ഓഫറുകളിൽ ഷവർമയും ഷവായിയും ലഭിക്കുമെന്ന പരസ്യം കണ്ടാണ് നാട്ടുകാരിൽ പലരും ഇവിടെനിന്ന് ഭക്ഷണം വാങ്ങിയത്.


കടയ്ക്കാവൂർ, ആയാന്റെവിള, അഞ്ചുതെങ്ങ് വാടയിൽ, ഊട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളടക്കമുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ പലർക്കും കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാധിതരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിലും ഉടനടി പരാതി നൽകി.


തുടർന്ന് കടുത്ത നിയമനടപടികളിലേക്ക് നീങ്ങിയ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും കട പൂർണ്ണമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. മതിയായ ലൈസൻസോ മറ്റ് നിയമപരമായ അനുമതികളോ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വന്നിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home