ad
Deshabhimani

ലോഡ്ജിൽ പ്രസവിച്ച അമ്മ മരിച്ചത് അമിത രക്തസ്രാവം മൂലം; കുഞ്ഞിന്റെ മരണകാരണം പരിചരണവും ചികിത്സയും ലഭിക്കാത്തത്

newborn baby

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 08:57 AM | 1 min read

തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ അമ്മയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി (32) ആണ് പ്രസവത്തെ തുടർന്ന് മുറിക്കുള്ളിൽ വെച്ചുതന്നെ മരണത്തിന് കീഴടങ്ങിയത്. പ്രസവം നടന്നതിന് പിന്നാലെ ആവശ്യമായ പരിചരണവും ചികിത്സയും ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് ബുധനാഴ്ച ജ്യോതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. യുവതിക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ലോഡ്ജ് മുറിയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.


കഴിഞ്ഞ ജൂൺ 27-നാണ് ജ്യോതി പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറായ സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. യുവതിയെ ഇവിടെയാക്കിയ ശേഷം സുഹൃത്ത് മടങ്ങിയിരുന്നു. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ജ്യോതി കോൾ എടുക്കാതിരുന്നതോടെ സുഹൃത്തിന് സംശയം തോന്നി. തുടർന്ന് ചൊവ്വാഴ്ച ഇയാൾ ലോഡ്ജിൽ തിരിച്ചെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ലോഡ്ജ് അധികൃതരും സുഹൃത്തും ചേർന്ന് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ജ്യോതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സംശയത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിട്ടയച്ചു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home