കേതൻ അഗർവാൾ കൊലക്കേസ്: തെളിവുകൾക്കായി 'പോളിഗ്രാഫ്' പരീക്ഷിക്കാൻ പൊലീസ്

പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ പ്രതികളെ പൂട്ടാൻ ശാസ്ത്രീയ-ഡിജിറ്റൽ തെളിവുകളിലേക്ക് തിരിഞ്ഞ് അന്വേഷണ സംഘം. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭ്യമല്ലാത്ത കേസിൽ, മുഖ്യപ്രതിയും കേതന്റെ പ്രതിശ്രുത വധുവുമായ സിയ ഗോയലിനെ പോളിഗ്രാഫ് (നുണപരിശോധന) പരിശോധനയ്ക്ക് വിധേയയാക്കാനാണ് പുണെ റൂറൽ പോലീസ് നീക്കം നടത്തുന്നത്.
സാഹചര്യത്തെളിവുകൾ മാത്രം നിലനിൽക്കുന്ന കേസിൽ നിയമപരമായ ഒരു പഴുതും അവശേഷിപ്പിക്കരുത് എന്ന കർശന നിർദ്ദേശത്തോടെയാണ് പോലീസ് മുന്നോട്ട് പോകുന്നത്. ലോഹഗഡ് കോട്ടയിലെ മലമുകളിൽ നിന്ന് കേതനെ തള്ളിത്താഴെയിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. എന്നാൽ, കൊലപാതകം നേരിട്ട് കണ്ട സാക്ഷികളില്ല.
ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ സിയയുടെ കാമുകനും കൂട്ടുപ്രതിയുമായ ചേതൻ ചൗധരി ഒരു ഹൂഡി ധരിച്ച് പ്രദേശത്ത് നിൽക്കുന്നത് മാത്രമാണുള്ളത്. ഡമ്മി ഉപയോഗിച്ച് പോലീസ് കുറ്റകൃത്യം പുനരാവിഷ്‌കരിച്ചെങ്കിലും ഇരയെ മനപൂർവ്വം തള്ളിയിട്ടതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അതിന് സാധിച്ചിട്ടില്ല. ഇന്ത്യൻ നിയമപ്രകാരം നുണപരിശോധനാ ഫലങ്ങൾ കോടതിയിൽ നേരിട്ടുള്ള തെളിവായി സ്വീകരിക്കാറില്ല. എന്നാൽ ഇതിലൂടെ ലഭിക്കുന്ന നിർണായക സൂചനകൾ വഴി ഡിജിറ്റൽ തെളിവുകൾ കണ്ടെത്താമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
സിയ ഗോയലിന്റെ കേസിൽ സാങ്കേതിക പിഴവുകൾ ഉണ്ടാകാതിരിക്കാൻ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള നടപടിക്രമങ്ങൾ കർശനമായി പാലിച്ചാണ് പുണെ പോലീസ് നീങ്ങുന്നത്. കേതനെ വിവാഹം കഴിക്കാൻ താലപര്യമില്ലാത്തതിനാൽ സിയയും കാമുകൻ ചേതനും ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ വാദം. ഈ ഗൂഢാലോചന തെളിയിക്കാൻ പ്രതികളുടെ ഡിജിറ്റൽ സെർച്ച് ഹിസ്റ്ററി, മൊബൈൽ ഫോൺ ഡാറ്റ, ഇലക്ട്രോണിക് തെളിവുകൾ എന്നിവ ശേഖരിച്ച് ശക്തമായ ഒരു സാഹചര്യ ശൃംഖല കോടതിക്ക് മുന്നിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.










0 comments