കാൺപൂരിൽ ഭർതൃവീട്ടുകാരുടെ ക്രൂരത
സ്ത്രീധന തർക്കം: യുവതിക്ക് മര്‍ദനം; മുറിയിൽ പൂട്ടിയിട്ടു, പാമ്പിനെ വിട്ട് കടിപ്പിച്ചു

പ്രതീകാത്മക ചിത്രം
കാൺപൂർ: സ്ത്രീധന പീഢനത്തെ തുടർന്ന് യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂര പീഡനം. ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പാമ്പിനെ വിട്ട് കടിപ്പിച്ചു. കാൺപൂർ സ്വദേശി രേഷ്മയ്ക്കാണ് പാമ്പ് കടിയേറ്റത്. വിവാഹത്തിന് മുമ്പ് പറഞ്ഞ സ്ത്രീധനം നൽകിയില്ലെന്ന ആരോപിച്ചായിരുന്നു ആക്രമണം.
സെപ്തംബർ 18ന് കേണൽഗഞ്ചിലാണ് സംഭവം. ഭർതൃവീട്ടുകാർ രേഷ്മയെ ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ മുറിയിൽ പൂട്ടിയിട്ടു. ശേഷം പാമ്പിനെ മുറിയ്ക്കകത്തേക്ക് ഇടുകയായിരുന്നു. രേഷ്മയുടെ കാലിലാണ് കടിയേറ്റത്.
പാമ്പ് കടിയേറ്റ് രേഷ്മ നിലവിളിച്ചെങ്കിലും ഭർതൃവീട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചില്ല. രേഷ്മ സഹോദരി റിസ്വാനയേ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. റിസ്വാന എത്തിയാണ് രേഷ്മയെ ആശുപത്രിയിലേക്ക് എത്തിച്ചത്. രേഷ്മയ്ക്ക് അടിയന്തിര ചികിത്സ നൽകി. ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2021 മാർച്ച് 19 നാണ് കേണൽഗഞ്ച് സ്വദേശി ഷാനവാസുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്. തൊട്ടുപിന്നാലെ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് റിസ്വാന പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ രേഷ്മയെ ഭർതൃവീട്ടുകാർ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി.
കുറച്ച് നാളുകൾക്ക് മുമ്പ് യുവതിയുടെ വീട്ടുകാർ 1.5 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ അഞ്ച് ലക്ഷം കൂടി നൽകണമെന്ന ആവശ്യപ്പെട്ടായിരുന്നു വീണ്ടും ആക്രമണം. റിസ്വാനയുടെ പരാതിയിൽ ഷാനവാസ്, ഇയാളുടെ മാതാപിതാക്കൾ, മൂത്ത സഹോദരൻ, സഹോദരി, മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.








0 comments