റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; ഗതാഗതം തടസപ്പെട്ടു

ഹൈദരാബാദ് : യുവതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചതിനെത്തുടർന്ന് തെലങ്കാനയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ 34കാരിയാണ് റെയിൽവേ ട്രാക്കിൽ കൂടി കാറോടിച്ച് പ്രശ്നമുണ്ടാക്കിയത്. ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ ശങ്കർപ്പള്ളിയിലായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഇവർ വാഹനമോടിച്ചതെന്നാണ് വിവരം.
ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിൽ കൂടെയാണ് കിലോമീറ്ററുകളോളം ഇവർ കാറോടിച്ചത്. കൊടംഗൽ ഗേറ്റിലുള്ള റെയിൽവേ ജീവനക്കാരാണ് ഇവർ ട്രാക്കിലൂടെ കാറോടിക്കുന്നത് ആദ്യം കണ്ടത്. ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ട്രാക്കിലൂടെ കാർ ഓടിക്കുന്നത് യുവതി തുടർന്നു. ഇതോടെ ട്രെയിൻ സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു. ബംഗളൂരു- ഹൈദരാബാദ് എക്സ്പ്രസടക്കം വൈകി.
പിന്നീട് നാട്ടുകാർ കാർ തടയുകയും ലോക്കൽ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും റെയിൽവേ ട്രാക്കിൽനിന്ന് മാറ്റിയ കാർ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. യുവതിയെ കൂടുതൽ അന്വേഷണത്തിനായി ആർപിഎഫിന് കൈമാറി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.









0 comments