പാർക്കിലെ റോളർ കോസ്റ്ററിൽ നിന്ന് വീണു; ഡൽഹിയിൽ 24കാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാണക്യപുരി സ്വദേശിയായ പ്രിയങ്ക (24)യാണ് മരിച്ചത്. കപഷേര ബോർഡറിലുള്ള ഫൺ ആൻഡ് ഫുഡ് വില്ലേജിൽ പ്രതിശ്രുതവരനൊപ്പം എത്തിയതായിരുന്നു പ്രിയങ്ക. വില്ലേജിലെ അമ്യൂസ്മെന്റ് പാർക്ക് സെക്ഷനിൽവച്ചാണ് അപകടം സംഭവിക്കുന്നത്. റോളർ കോസ്റ്റർ റെഡ് ഏറ്റവും ഉയരത്തിലെത്തുന്നതിനിടെ പ്രിയങ്ക ഇരുന്നിരുന്ന ഭാഗത്തെ സ്റ്റാൻഡ് ഒടിയുകയായിരുന്നു. ഉയരത്തിൽ നിന്നും പ്രിയങ്ക താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് പ്രതിശ്രുത വരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്യൂസ്മെന്റ് പാർക്ക് അധികൃതർക്കെതിരെ പ്രിയങ്കയുടെ കുടുംബം ആരോപണം ഉന്നയിച്ചു. കൃത്യമായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയാണ് റൈഡിൽ ജനങ്ങളെ പ്രവേശിപ്പിച്ചിരുന്നതെന്നാണ് ആരോപണം. അപകടം നടന്നതിനു പിന്നാലെ റോളർ കോസ്റ്റർ നിർമാണ പ്രവർത്തനങ്ങളുണ്ടെന്നു കാണിച്ച് അടച്ചതായും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ പാർക്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഎൻഎസ് സെക്ഷൻ 289 (അശ്രദ്ധ), 106 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.









0 comments