'നിന്റെ പെങ്ങളിനി ജീവനോടെ തിരിച്ചുവരില്ല'; വിവാഹം കഴിഞ്ഞ് നാലാം നാൾ വധുവിനെ കൊന്ന് കത്തിച്ചു

ആരാ (ബിഹാർ): വിവാഹം കഴിഞ്ഞ് നാലാം നാൾ 23കാരിയായ വധുവിനെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ബീഹാറിലെ ആരാ ജഗ്ദീഷ്പൂർ സ്വദേശിനിയായ സഞ്ജു കുമാരിയാണ് കൊല്ലപ്പെട്ടത്. സ്വർണ്ണമാലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം രഹസ്യമായി കത്തിച്ചുകളയുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുൾപ്പെടെയുള്ള മറ്റ് പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ മെയ് 7-നായിരുന്നു സഞ്ജു കുമാരിയും വിനോദ് പാലും തമ്മിലുള്ള വിവാഹം നടന്നത്. മെയ് 11-ന് പെൺകുട്ടി കൊല്ലപ്പെടുകയും ചെയ്തു. തങ്ങളാല്‍ കഴിയുന്നതിനുമപ്പുറം പണം മുടക്കിയാണ് സഞ്ജുവിന്റെ കുടുംബം വിവാഹച്ചടങ്ങുകൾ നടത്തിയത്.
വിവാഹസമയത്ത് നാല് ലക്ഷം രൂപയും, മോട്ടോർ സൈക്കിൾ, ഫ്രിഡ്ജ്, ഫർണിച്ചർ, മറ്റ് സ്വർണ്ണ-വെള്ളി ആഭരണങ്ങൾ എന്നിവയുൾപ്പെടെ സ്ത്രീധനവും സമ്മാനങ്ങളും പെൺകുട്ടിയുടെ വീട്ടുകാർ നൽകിയിരുന്നു.
എന്നാൽ വിവാഹദിവസം ചെറുക്കന്റെ വീട്ടുകാർ ഒരു സ്വർണ്ണമാല കൂടി ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്നീട് നൽകാമെന്ന് പെൺകുട്ടിയുടെ കുടുംബം സമ്മതിച്ചെങ്കിലും ഭർത്താവും വീട്ടുകാരും ഇതിന്റെ പേരിൽ സഞ്ജുവിനെ നിരന്തരം ഉപദ്രവിക്കുകയും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയുമായിരുന്നു.
സ്വന്തം വീട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതിന് പോലും പെൺകുട്ടിക്ക് വിലക്കുണ്ടായിരുന്നു. രഹസ്യമായി ഫോൺ വിളിച്ചപ്പോഴൊക്കെ സഞ്ജുവിനെ ക്രൂരമായി മർദ്ദിച്ചു. 'ഭയ്യാ, ഇവിടെ എന്നെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്. എനിക്ക് ഇവിടെ ഒട്ടും ശരിയാകുന്നില്ല' എന്ന് സഞ്ജു സഹോദരനോട് കരഞ്ഞു പറഞ്ഞിരുന്നതായി കുടുംബം വ്യക്തമാക്കുന്നു.
മെയ് 11-ന് സഞ്ജുവിന്റെ സഹോദരൻ ശിവം പാലും ഭർത്താവ് വിനോദും തമ്മിൽ ഫോണിൽ സംസാരിക്കുന്നതിനിടയിലാണ് സംഭവങ്ങൾ കൂടുതല്‍ കൈവിട്ടു പോകുന്നത്. സംഭാഷണത്തിനിടയിൽ ഫോൺ ബലമായി പിടിച്ചുവാങ്ങിയ വിനോദിന്റെ അമ്മ സുമിത്ര ദേവി, 'നിന്റെ പെങ്ങൾ ഇനി അങ്ങോട്ട് ജീവനോടെ വരില്ല, അവളുടെ ശവമായിരിക്കും ഇനി ഈ വീട്ടിൽ നിന്ന് ഇറങ്ങുക' എന്ന് സഹോദരനോട് ആക്രോശിച്ചു. തൊട്ടുപിന്നാലെ സഞ്ജുവിന്റെ ഉച്ചത്തിലുള്ള നിലവിളി ശബ്ദം കേൾക്കുകയും ഫോൺ കട്ടാവുകയും ചെയ്തു.
സഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ വീട്ടുകാർ മൃതദേഹം രഹസ്യമായി ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു. ചില ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. മെയ് 12-ന് സഹോദരനും ബന്ധുക്കളും ശ്മശാനത്തിൽ എത്തുമ്പോഴേക്കും മൃതദേഹം ഭൂരിഭാഗവും കത്തിയമർന്നിരുന്നു.
നിലവിൽ പ്രതികൾ വീട് പൂട്ടി ഒളിവിൽ പോയിരിക്കുകയാണ്. സഞ്ജുവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വിനോദ്, ഭർതൃമാതാവ് സുമിത്ര ദേവി, ഭർതൃപിതാവ് ഭിഖി, സഹോദരി കിരൺ, ഭർതൃസഹോദരീ ഭർത്താവ് പ്രമോദ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ ഭർതൃമാതാവായ സുമിത്ര ദേവിയെ ജഗ്ദീഷ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജു ആത്മഹത്യ ചെയ്തതാണെന്നാണ് ഇവർ പൊലീസിനോട് അവകാശപ്പെടുന്നത്.
എന്നാൽ പൊലീസ് കൊലപാതകം, ആത്മഹത്യാ പ്രേരണ എന്നീ രണ്ട് വശങ്ങളും കേന്ദ്രീകരിച്ച് ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.











0 comments