ad
Deshabhimani

ഇത്തവണ നീറ്റ് 'നീറ്റാ'വുമോ? പുനഃപരീക്ഷ ഇന്ന്

NEET UG
വെബ് ഡെസ്ക്

Published on Jun 21, 2026, 08:02 AM | 1 min read

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന്‌ മാറ്റിവെച്ച നീറ്റ്‌ യുജി പുന:പരീക്ഷ ഞായറാഴ്‌ച നടക്കും. ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കാണ്‌ പരീക്ഷ ആരംഭിക്കുക. 5.15 വരെ പരീക്ഷ നീളും. വൻ സുരക്ഷയാണ്‌ പരീക്ഷയോട്‌ അനുബന്ധിച്ച്‌ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സജ്ജീകരിച്ചിരിക്കുന്നത്‌. ആദ്യപരീക്ഷയിലെ വീഴ്‌ച മറയ്‌ക്കാൻ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ പുന:പരീക്ഷയിൽ കൂടുതൽ കർശനമാക്കിയത്‌ വിദ്യാർഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌. ഒരോദിവസവും കൂടുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതും വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചു. പുന:പരീക്ഷയുടെ ഭാഗമായി രാജ്യവ്യാപക മോക്‌ഡ്രിലും സംഘടിപ്പിച്ചു.


കേന്ദ്ര സർക്കാർ പിടിപ്പുകേട്‌ മൂലമുണ്ടായ ചോദ്യപേപ്പർ ചോർച്ച മൂ‍ലം പരീക്ഷ റദ്ദാക്കിയത്‌ മുതൽ വിദ്യാർഥികൾ ആശങ്കയിലാണ്‌. പുന:പരീക്ഷ നടത്തിപ്പിലും ഇ‍ൗ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാരിനായിട്ടില്ല. പരീക്ഷയുടെ ഹാൾടിക്കറ്റ്‌ ഡ‍ൗൺലോഡ്‌ ചെയ്യുന്നതിലുൾപ്പെടെ വിദ്യാർഥികൾ തടസങ്ങൾ നേരിടുന്നുണ്ട്‌. ഹാൾടിക്കറ്റ്‌ ലഭിച്ചവർക്ക്‌ പരീക്ഷ കേന്ദ്രങ്ങൾ മാറിലഭിക്കുകയും ചെയ്തു. 22.79 ലക്ഷത്തിലധികം പരീക്ഷാർത്ഥികളാണ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നത്.


നാഗ്‌പൂരിലുള്ള വിദ്യാർഥിക്ക്‌ പരീക്ഷാകേന്ദ്രമായി ലഭിച്ചത്‌ അബുദാബിയാണ്‌. പരീക്ഷയുടെ ആദ്യ ഓപ്‌ഷനായി നാഗ്‌പൂ‍ർ നൽകിയെങ്കിലും പരീക്ഷാകേന്ദ്രമായി അബുദാബി ലഭിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിദ്യാർഥിക്ക്‌ നാഗ്‌പ‍‍ൂർ തന്നെ കേന്ദ്രമായി നൽകാൻ എൻടിഎ തയ്യാറായി. ഒഡീഷയിലെ ഭുവനേശ്വറിൽ ആദ്യപരീക്ഷയെഴുതിയ വിദ്യാർഥിക്ക്‌ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ്‌ രണ്ടാം പരീക്ഷയെഴുതുന്നതിനായുള്ള കേന്ദ്രം അനുവദിച്ചതെന്ന പരാതിയുമുണ്ട്‌.


പുന:പരീക്ഷയുടെ ദിവസമെത്തിയതോടെ വിദ്യാർഥികളുടെ മാനസിക സമ്മർദം വർധിച്ചിട്ടുണ്ട്‌. ഇത്‌ കൂ‍ടുതൽ വിദ്യാർഥികളുടെ ആത്മഹത്യക്ക്‌ കാരണമായി. എന്നാൽ വിദ്യാർഥി ആത്മഹത്യകളെക്കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രിയോ കേന്ദ്ര സർക്കാരോ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിലും നീറ്റ്‌ വിദ്യാർഥിയുടെ ആത്മഹത്യ റിപ്പോർട്ട്‌ ചെയ്തു. പ്രതാപ്‌ വിഹാർ സ്വദേശി ജതിൻ കുമാറാണ്(22) ആത്മഹത്യ ചെയ്തത്‌. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ കോക്രോച്ച്‌ ജനതാ പാർടി ഡൽഹിയിൽ രണ്ടാം ഘട്ട പ്രതിഷേധം നടത്തുകയാണ്. പ്രധാൻ രാജിവെക്കും വരെ ജന്തർ മന്തറിൽ സമരമിരിക്കുമെന്നാണ്‌ സിജെപി സ്ഥാപകൻ അഭിജീത്ത്‌ ദീപ്‌കെയുടെ പ്രഖ്യാപനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home