print edition 'കൊല്ലും, ബലാത്സംഗം ചെയ്യും'; മോദിയെ വിമര്‍ശിച്ച പെണ്‍കുട്ടികള്‍ക്കുനേരെ സൈബർ ആക്രമണം

രുചിക സിങ് ശ്രദ്ധ സിങ് രുചിക ചൗള
ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ യുവജനപ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച വനിതാ പ്രതിഷേധക്കാർക്കുനേരെ സൈബറിടങ്ങളില്‍ ആസൂത്രിത കൊലവിളിയും ബലാത്സംഗഭീഷണിയും. യുവ പ്രക്ഷോഭകരോട് ക്ഷമിച്ചെന്ന് മോദി റീലിടുമ്പോഴാണ് പെണ്‍കുട്ടികള്‍ സംഘപരിവാർ സൈബർ ഗുണ്ടകളുടെയും പോലീസിന്റെയും വേട്ടയാടലിനിരയാകുന്നത്.
മോദിയെ രൂക്ഷമായി വിമർശിച്ച്, റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ പശ്ചാത്തലമാക്കി റീൽ ചെയ്തതിന്റെ പേരിലാണ് ശ്രദ്ധ സിങ്(23) വേട്ടയാടപ്പെടുന്നത്. റീല്‍ സേനയെ അപമാനിക്കുന്നതാണെന്ന തരത്തില്‍ പ്രചാരണമുണ്ടായി. ഇൻസ്റ്റാഗ്രാമിലെ പഴയ പോസ്റ്റിൽനിന്ന് കാറിന്റെ നമ്പർ പ്ലേറ്റ് കണ്ടെത്തി ബിജെപി അനുകൂലികൾ അവരുടെ ഫോൺ നമ്പറും വിലാസവും കണ്ടുപിടിച്ചു. "നിന്നെ കാണുന്ന നിമിഷം ഞങ്ങൾ കൊല്ലും, ബലാത്സംഗം ചെയ്യും’ എന്ന തരത്തിലുള്ള ഭീഷണികളാണ് ലഭിക്കുന്നതെന്ന് മധ്യപ്രദേശിൽനിന്നുള്ള കണ്ടന്റ് ക്രിയേറ്ററും യോഗ പരിശീലകയുമായ ശ്രദ്ധ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട ശ്രദ്ധയുടെ 33 പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തു.
ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വൈറലായതോടെയാണ് 15 വയസ്സുകാരിയായ രുചിക സിങ് നോട്ടപ്പുള്ളിയായത്. രുചികയുടെ കുടുംബാംഗങ്ങളുടെ പേരുകളും ഫോൺ നമ്പറുകളും ജോലിസ്ഥലവും ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. നോയ്ഡയില്‍ പെണ്‍കുട്ടിയ്ക്കതിരെ ആറു കേസുകള്‍ എടുത്തു. ‘മോദിക്കെതിരെ സംസാരിക്കുന്നത് ഇന്ത്യക്ക് എതിരാണ്' എന്ന് ആരോപിച്ചാണ് പരാതികള്‍. ബിജെപി അനുകൂലികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ സമ്മര്‍ദത്തിന് വഴങ്ങി രുചിക മോദിയോട് മാപ്പുചോദിക്കുന്ന വീഡിയോ പുറത്തുവിട്ടു.
പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റ് മൂന്ന് പെണ്‍കുട്ടികളുടെ വീഡിയോ പങ്കുവച്ച് അവരെ തിരിച്ചറിഞ്ഞ് കേസെടുക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി നേതാവ് ശശി കുമാർ രംഗത്തുവന്നു. ഈ വീഡിയോയില്‍ ഉള്‍പ്പെട്ട രുചിക ചൗള എന്ന യുവതി തൊട്ടുപിന്നാലെ ഇന്‍സ്റ്റാഗ്രാമിലുടെ ഇതിന് മറുപടി നല‍്കി. "ഭരണകൂടത്തെ വിമർശിക്കാൻ ഞങ്ങൾക്ക് അവകാശവും ഉത്തരവാദിത്തവുമുണ്ട്’– അവർ പറഞ്ഞു.









0 comments