താരിഫ് ഭീകരതയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് നേരെ നടത്തുന്ന ചുങ്കയുദ്ധത്തിൽ പ്രതിഷേധിച്ചും അമേരിക്കൻ വിധേയത്വം പുലർത്തുന്ന കേന്ദ്രസർക്കാരിനെ തുറന്നുകാട്ടിയും ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം. സെപ്തംബർ അവസാനവാരത്തോടെ രാജ്യവ്യാപകമായി വിപുലമായ പ്രചരണപരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു.
രാജ്യവ്യാപകമായി പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ നടത്തും. ബിജെപി സർക്കാരിന്റെ ഇസ്രയേൽ അനുകൂല നയങ്ങൾ തുറന്നുകാട്ടുന്നതിനായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വിവിധ രാഷ്ട്രീയ പാർടികൾ, സംഘടനകൾ, കലാകാരന്മാർ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി വലിയ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. എല്ലാ സംസ്ഥാന കമ്മിറ്റികളും ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുമെന്നും സിപിഐ എം വ്യക്തമാക്കി.
രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ് കേന്രസർക്കാർ. വിലക്കയറ്റവും വേതനമില്ലായ്മയും വർധിച്ചുവരുന്ന അസമത്വവും മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. അമേരിക്ക ചുങ്കം അടിച്ചേൽപ്പിച്ചതിന് തൊഴിലില്ലായ്മയും വലിയതോതിൽ വർധിച്ചു. ജൂലൈ ഒൻപതിലെ ദേശീയ പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെയും ജീവനക്കാരെയും കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കാരിനോടുള്ള സാധാരണക്കാരായ ജനങ്ങളുടെ എതിർപ്പ് തെളിയിക്കുന്നതായി പണിമുടക്കിന്റെ ഉജ്വല വിജയം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങൾക്ക് പാർടിയുടെ പിന്തുണ തുടരും.
വ്യാപാര കരാറിൽ എത്താത്തതിന് 25 ശതമാനവും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് 25 ശതമാനവും ചേർത്ത്, ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, ടെക്സ്റ്റൈൽ, ചെറുകിട- ഇത്തരം വ്യവസായ മേഖലകളെ ഗുരുതരമായി ഈ തീരുമാനം ബാധിച്ചു. കേന്ദ്രസർക്കാർ അമേരിക്കൻ സമ്മർദത്തിന് വഴങ്ങരുത്. രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട- ഇത്തരം സംരംഭകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കണം.
സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുന്നതിന് മുമ്പ് സർക്കാർ വിവിധ പങ്കാളികളുമായി കൂടിയാലോചിക്കുകയും ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുകയും വേണം. വ്യാപാര കരാറുകൾ അവസാനിപ്പിക്കാനുള്ള നടപടി കൃഷി, പ്രതിരോധം ധനകാര്യം തുടങ്ങിയ നിർണായക മേഖലകൾക്ക് ദോഷകരമാകും.
കോർപ്പറേറ്റുകൾക്ക് നിരവധി ഇളവുകളാണ് കേന്ദ്രം നൽകുന്നത്. വിവിധ പേരുകളിൽ ഏകദേശം 1,50,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 2025 ലെ കരട് ദേശീയ ടെലികോം നയം (എൻടിപി) സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. പക്ഷേ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളുടെ ഭാവിയെപ്പറ്റി ചർച്ചയില്ല. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ പൊതു സ്ഥാപനങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറുകയും ഹിന്ദുത്വ വർഗീയ-കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്.
തൊഴിലാളികളെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ കോർപ്പറേറ്റ് കൊള്ളയ്ക്ക് സൗകര്യമൊരുക്കുകയാണ് കേന്ദ്രം. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് തൊട്ടുപിന്നാലെ മോദിയുടെ നവലിബറൽ നയങ്ങൾക്ക് അനുസൃതമായി രണ്ട് ഉന്നതതല പാനലുകൾ രൂപീകരിക്കുമെന്ന് നിതി ആയോഗ് പ്രഖ്യാപിച്ചു. ഇത് തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്ക് നേരെയുള്ള പ്രഹരമാണ്.
ജിഎസ്ടി നിരക്ക് പരിഷ്കരണത്തിന്റെ ഫലങ്ങൾ കോർപ്പറേറ്റുകൾക്കല്ല, മറിച്ച് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. കൂടാതെ, വരുമാനനഷ്ടത്തിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുപകരം, ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം ഉപയോഗിച്ച് ജനാധിപത്യ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുകയാണ് സർക്കാർ.
ബിഹാറിൽ തിരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയുടെ പരിഷ്കരണം (എസ്ഐആർ) നിരവധി പ്രശ്നങ്ങൾ നിറഞ്ഞതാണ്. ഇതിന്റെ ഫലമായി നിരവധി പൗരന്മാർക്ക് ഭരണഘടനാപരമായി ഉറപ്പുനൽകുന്ന വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഈ പ്രക്രിയ രാജ്യത്തുടനീളം വ്യാപിപ്പിക്കാൻ കമീഷൻ ഇപ്പോൾ ശ്രമിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് അനുകൂലമായി പ്രവർത്തിച്ചിരുന്ന കമീഷൻ ഇപ്പോൾ ആർഎസ്എസ് / സംഘപരിവാർ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലും പങ്കാളിയായി. എസ്‌ഐആറിനെ എതിർക്കാനും ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിന്നത് സ്വാഗതാർഹമാണ്.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ പാസാക്കിയ മഹാരാഷ്ട്ര പൊതു സുരക്ഷാ ബിൽ, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള ആക്രമണമാണ്. വിയോജിപ്പുകളെയെല്ലാം പൊതു സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കുമുള്ള ഭീഷണിയായി ചിത്രീകരിക്കാൻ ബിൽ ശ്രമിക്കുന്നു. വിയോജിപ്പുകളെ നിശബ്ദമാക്കാൻ ബില്ലിലെ കർശനമായ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടും.
30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും പുറത്താക്കാനുള്ള ബില്ലുകൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. സ്ഥാപിതമായ നിയമ നടപടിക്രമങ്ങളെ മറികടക്കാനുള്ള സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതയാണ് ഈ ബില്ലുകൾ എടുത്തുകാണിക്കുന്നത്. സർക്കാരിന്റെ നവ-ഫാസിസ്റ്റ് പ്രവണതകൾ കണക്കിലെടുത്താൽ ഇത്തരം വ്യവസ്ഥകൾ പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ ആയുധമാക്കപ്പെടുമെന്ന് ഉറപ്പാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന രീതിയാണ് ലഫ്റ്റനന്റ് ഗവർണറുടേത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റിനെ പൂർണ്ണമായും അവഗണിക്കുകയും പ്രവർത്തനങ്ങൾ നിർവഹിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ്. ജമ്മു കശ്മീരിലെ ജനതയുടെ ജനാധിപത്യ അവകാശങ്ങൾ ആസൂത്രിതമായി ചവിട്ടിയരയ്ക്കപ്പെട്ടു. ജമ്മു, കശ്മീർ, ലഡാക്ക് മേഖലകളിൽ അസംതൃപ്തി വ്യാപകമായി നിലനിൽക്കുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടനടി പുനഃസ്ഥാപിക്കുക എന്നതാണ് ഇതിൽ നിന്നെല്ലാം മോചനം നേടാനുള്ള ഏക മാർഗം
ബംഗാളി ഭാഷ സംസാരിക്കുന്ന ജനങ്ങളെ ലക്ഷ്യം വച്ച്- വിശിഷ്യാ മുസ്ലിം മതവിഭാഗങ്ങൾക്കെതിരെ- വ്യാപകമായ ആക്രമണങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇവ വ്യാപകമായി. രേഖകളുടെ ശരിയായ പരിശോധനയോ നടപടിക്രമങ്ങളോ പാലിക്കാതെ ബംഗാളികളെ ബംഗ്ലാദേശികളായി മുദ്രകുത്തുകയാണ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കി. ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവരെ ബംഗ്ലാദേശിലേക്ക് ബലമായി തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ബംഗാളി പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. പല സ്ഥലങ്ങളിലും ബംഗാളി ജനതയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ സിപിഐ എം രംഗത്തെത്തി. അത് ഇനിയും തുടരും.
തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്ന് നിരവധി ജനങ്ങളെയാണ് അസം സർക്കാർ കുടിയിറക്കിയത്. ഈ കുടിയിറക്കത്തെ വർഗീയ ധ്രുവീകരത്തിനായി ഉപയോഗിക്കുകയാണ് അസം മുഖ്യമന്ത്രി. ഈ ഭൂമികളിലുള്ള സമൃദ്ധമായ ധാതുസമ്പത്തും സ്വകാര്യ കോർപ്പറേറ്റ് കമ്പനികൾക്ക് ഇവ നൽകാനുള്ള സർക്കാരിന്റെ താൽപ്പര്യവുമാണ് കുടിയൊഴിപ്പിക്കലിനുപിന്നിലുള്ള മറ്റൊരു കാരണം. ഈ നിയമവിരുദ്ധ കുടിയൊഴിപ്പിക്കലുകൾ സർക്കാർ ഉടൻ അവസാനിപ്പിക്കണം.
ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത് മഥുര, കാശി വിഷയം വീണ്ടും ആളിക്കത്തിക്കാൻ ശ്രമിച്ചു. 'സാഹോദര്യത്തിന്റെ' അടയാളമായി ഈ രണ്ട് സ്ഥലങ്ങളിലെയും പള്ളികൾ മുസ്ലീങ്ങൾ 'വിട്ടുകൊടുക്കണമെന്നാണ്' മോഹൻ ഭാഗവതിന്റെ ആവശ്യം. ഇത്തരം പരാമർശങ്ങൾ സാമുദായിക സ്പർധയുണ്ടാക്കാൻ വേണ്ടി നടത്തുന്നവയാണ്. ഇന്ത്യൻ ഭരണഘടനയോടുള്ള ആർഎസ്എസിന്റെ അവഗണനയാണ് ഭാഗവതിന്റെ പരാമർശങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന ആർഎസ്എസിന്റെ ഉദ്ദേശ്യവും മതേതര രാഷ്ട്രത്തെ തകർക്കുക എന്ന ലക്ഷ്യവും ഈ പരാമർശങ്ങളിലൂടെ പ്രകടമാകുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഈ അക്രമങ്ങൾക്കെതിരായ പോരാട്ടം വരും ദിവസങ്ങളിൽ ശക്തമാക്കും. പശ്ചിമ ബംഗാളിലെ ആർജി കർ, കൊൽക്കത്ത ലോ കോളേജ് സംഭവങ്ങളിലെ ഇരകൾക്കും കർണാടകയിലെ ധർമസ്ഥലയിലെ ഇരകൾക്കും നീതി ആവശ്യപ്പെട്ട് നടക്കുന്ന പോരാട്ടങ്ങൾക്കും പിന്തുണ നൽകും.
പാർലമെന്റിന്റെ വർഷകാല സമ്മേളനം എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. ബിഹാറിലെ എസ്ഐആറിനെപ്പറ്റിയുള്ള ചർച്ചകൾ നടത്താൻ സർക്കാർ വിസമ്മതിച്ചു. പ്രതിഷേധങ്ങൾക്കിടയിലും ഖനി-ധാതു (വികസന-നിയന്ത്രണ) ഭേദഗതി ബിൽ, സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെ ലംഘിക്കുന്ന സ്‌പോർട്‌സ് ബിൽ എന്നിവയുൾപ്പെടെ നിരവധി ബില്ലുകൾ കേന്ദ്രം പാസാക്കി. ഖനി-ധാതു നിയമത്തിലെ ഭേദഗതി സ്വകാര്യ, വിദേശ കമ്പനികളെ രാജ്യത്തിന്റെ നിർണായക ധാതു വിഭവങ്ങൾ ചൂഷണം ചെയ്യാൻ അനുവദിക്കുന്നതാണ്. ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള നൂറുകണക്കിന് ഏക്കർ ആദിവാസി ഭൂമിയും സ്വകാര്യ കോർപ്പറേറ്റ് ചൂഷണത്തിന് വിട്ടുകൊടുക്കുന്നു. ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച അനുവദിക്കാൻ നിരന്തരം വിസമതിക്കുന്നത് സർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളും പാർലമെന്റിൽ ശരിയായി ചർച്ച ചെയ്യപ്പെടുന്നില്ല.
വൈസ് പ്രസിഡന്റ് ജഗ്‍ദീപ് ധൻകറിന്റെ രാജിയെത്തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് സുദർശൻ റെഡ്ഡിയെയാണ് ഇന്ത്യ കൂട്ടായ്മ മത്സരിപ്പിച്ചത്. ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദുത്വ വർഗീയ പ്രത്യയശാസ്ത്രത്തിനും ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ ഭരണഘടനാ തത്വങ്ങൾക്കും നേരെയുള്ള അവരുടെ ആക്രമണത്തിനുമെതിരെ ശക്തമായ സന്ദേശമാണ് മത്സരം നൽകിയത്.
നേപ്പാളിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 70 ഓളം പേരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് കാരണമായതെങ്കിലും വർഷങ്ങളായി ജനങ്ങൾക്കിടയിലുണ്ടായ അതൃപ്തിയും ഇതിനു പിന്നിലുണ്ട്. ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ തുടർച്ചയായ സർക്കാരുകളുടെ ആവർത്തിച്ചുള്ള പരാജയം, വ്യാപകമായ അഴിമതി, തൊഴിലവസരങ്ങളുടെ അഭാവം എന്നിവയാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. വലതുപക്ഷ ശക്തികളും ഹിന്ദുത്വ ശക്തികളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. ദീർഘമായ പോരാട്ടത്തിലൂടെ നേടിയെടുത്ത ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധിക്കണം.
ഇസ്രയേൽ ഗാസയിൽ നിരന്തരം ആക്രമണം നടത്തുകയാണ്. പട്ടിണിയിൽ വലഞ്ഞ ഗാസയിലേക്ക് എല്ലാത്തരം മാനുഷിക സഹായങ്ങളും പ്രവേശിക്കുന്നതും തടയുകയാണ്. കുട്ടികൾ പട്ടിണി മൂലം മരിക്കുന്നതിന്റെ നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ രൂക്ഷമാവുകയും ആശുപത്രികളിൽ പോലും ബോംബാക്രമണം നടത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് വെടിനിർത്തൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെയും ഇസ്രയേൽ ആക്രമിച്ചു. മേഖലയിലെ സമാധാനത്തിന് എതിരായി- ഒരു തെമ്മാടി രാഷ്ട്രമായി ഇസ്രയേൽ നിലകൊള്ളുന്നുവെന്നും വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്നുമാണ് ഇത് തെളിയിക്കുന്നത്. അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് ഇസ്രയേലിനെതിരെ നടപടിയെടുക്കേണ്ട സമയമാണിതെന്നും സിപിഎ എം പറഞ്ഞു.









0 comments