ad
Deshabhimani

print edition ബംഗാൾ രാഷ്‌ട്രപതിഭരണത്തിലേക്കോ

mamata banarjee
avatar
സ്വന്തം ലേഖകൻ

Published on Mar 09, 2026, 02:38 AM | 1 min read

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗവർണർ സി വി ആനന്ദബോസ് അപ്രതീക്ഷിതമായി രാജിവച്ച പശ്ചിമ ബംഗാളില്‍ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തിയേക്കുമെന്ന്‌ റിപ്പോർട്ടുകൾ. സംഘപരിവാറിന്റെ വിശ്വസ്‌തനും തമിഴ്‌നാട്‌ ഗവർണറുമായിരുന്ന ആർ എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചത്‌ ഇ‍ൗ നീക്കത്തിന്റെ മുന്നോടിയാണെന്ന ചർച്ച തൃണമൂൽ കോൺഗ്രസ്‌ സജീവമാക്കി. അതുകൊണ്ടുതന്നെ, രാഷ്‌ട്രപതി ദ്ര‍ൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്‌.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാന ചീഫ്‌ സെക്രട്ടറിയോട്‌ റിപ്പോർട്ട്‌ തേടി. എസ്‌ഐആറുമായി ബന്ധപ്പെട്ട വലിയ പരാതികളും ആശങ്കകളും പരിഹരിക്കാതെ തുടരുന്നതിനാൽ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന മേയ്‌ ഏഴിന്‌ മുന്പ്‌ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്. എസ്‌ഐആറിന്റെ ഭാഗമായി 63.66 ലക്ഷം വോട്ടർമാർ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറന്തള്ളപ്പെട്ടു. 60 ലക്ഷത്തിലേറെ വോട്ടർമാർ ‘പരിശോധനയിൽ’ എന്ന വിഭാഗത്തിലായി. ഇതിൽ 6.5 ലക്ഷത്തോളം പേരുടെ കാര്യത്തിൽ മാത്രമാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനമെടുത്തിട്ടുള്ളത്‌. ലക്ഷക്കണക്കിന്‌ വോട്ടർമാരുടെ കാര്യം തുലാസിലാണ്‌.


2021ൽ ബംഗാളിൽ എട്ട്‌ ഘട്ടമായി 34 ദിവസംകൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കിയത്‌. ഇക്കുറിയും അതേരീതിയിലാണെങ്കിൽ ഏപ്രിൽ അഞ്ചിനെങ്കിലും ആദ്യഘട്ടം നടത്തണം. മാർച്ച്‌ 16നെങ്കിലും തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണം. ലക്ഷക്കണക്കിന്‌ വോട്ടർമാരുടെ ഭാവി തുലാസിലായ സാഹചര്യത്തിൽ എങ്ങനെ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന ചോദ്യമാണ്‌ ബിജെപി ഒഴികെയുള്ള പാർടികൾ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ്‌ കമീഷൻ സംഘം തിങ്കളാഴ്‌ച വിളിച്ചുചേർത്ത യോഗത്തിൽ ഇ‍ൗ വിഷയങ്ങൾ ഉന്നയിക്കപ്പെടും. പ്രശ്‌നപരിഹാരമായില്ലെങ്കിൽ ആവലാതിക്കാർ വീണ്ടും സുപ്രീംകോടതി സമീപിക്കും.


ഇ‍ൗ കാരണങ്ങൾകൊണ്ട്‌ സ്വാഭാവിക സമയക്രമത്തിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയായില്ലെങ്കിൽ രാഷ്‌ട്രപതിഭരണത്തിന്‌ വഴിയൊരുങ്ങും. രാഷ്‌ട്രപതിഭരണത്തിന്‌ കീഴിൽ സംസ്ഥാനത്ത്‌ പുതിയ തെരഞ്ഞെടുപ്പ്‌ നടത്തിയാൽ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാമെന്നാണ്‌ ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home