ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭാര്യയും കാമുകനും പിടിയിൽ

യവത്മാൽ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ യവത്മാൽ ജില്ലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ശരീരത്തിൽ കമ്പി ചുറ്റി ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. കാവ്ദി മോറെ, കാമുകൻ വിഷ്ണു കാഡു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഭർത്താവ് ഗജാനൻ മോറെ നിലവിൽ ചികിത്സയിലാണ്.
തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് ഗജാനനെ വകവരുത്താൻ പദ്ധതിയിട്ടത്. മെയ് 3-ന് രാത്രി ഗജാനൻ ഉറങ്ങിക്കിടക്കുമ്പോൾ പ്രതികൾ ശരീരത്തിൽ അലുമിനിയം കമ്പി ചുറ്റുകയും, ഇതിന്റെ മറുഭാഗം മെയിൻ ലൈനിലെ വൈദ്യുത കമ്പിയുമായി ബന്ധിപ്പിച്ച് കറന്റ് കടത്തിവിടുകയുമായിരുന്നു.
പെട്ടെന്ന് ശക്തമായ ഷോക്കേറ്റതോടെ ഗജാനൻ ഞെട്ടിയുണർന്നു. ഇതോടെയാണ് ഭാര്യയും കാമുകനും ചേർന്ന് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ഇരുകൈകളിലും ഗുരുതരമായി പൊള്ളലേറ്റ ഗജാനനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയ് 8 നാണ് ഇരുപ്രതികളെയും അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വധശ്രമം അടക്കമുള്ള വകുപ്പുകൾ (Sections 109(1), 62(2)) ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.











0 comments