print edition സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ബിജെപി ആക്രമണം; ബംഗാളിൽ വ്യാപക പ്രതിഷേധം

ബിജെപി ആക്രമണത്തിനെതിരെ കൂച്ച് ബിഹാറിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധപ്രകടനം
ഗോപി
Published on Jul 31, 2026, 12:00 AM | 1 min read
കൊൽക്കത്ത: സിപിഐ എം കൂച്ച് ബിഹാർ ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി പ്രവർത്തകർ ആക്രമിച്ചതിൽ ബംഗാളിലാകെ വ്യാപക പ്രതിഷേധം. ബുധനാഴ്ചയായിരുന്നു അക്രമം. കൂച്ച് ബിഹാർ നഗരത്തിലെ രൂപ് നാരായൺ റോഡിലുള്ള ഓഫീസിന്റെ വാതിലുകളും ജനലുകളും അടിച്ചുപൊട്ടിച്ചു. വ്യാപക നാശനഷ്ടമുണ്ടായി. പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു. നഗരത്തിലെ പ്രധാന ബജെപി പ്രവർത്തകരാണ് അക്രമികളെന്ന് നാട്ടുകാർ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അക്രമത്തെ ശക്തമായി അപലപിച്ചു.
വ്യാഴാഴ്ച നഗരത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വൻ പ്രകടനം നടത്തി. തുടർന്ന് എസ്‌പി ഓഫീസിനുമുമ്പിൽ ധർണ നടത്തി. കൊൽക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പശ്ചിമ ബംഗാൾ മുഖപത്രമായ ‘യുവശക്തിയുടെ' വാർഷികത്തോടനുബന്ധിച്ച് രണ്ടുദിവസം മുമ്പ് സംഘടിപ്പിച്ച സെമിനാർ ബിജെപി പ്രവർത്തകർ അലംങ്കോലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐ എം ഓഫീസുകൾക്കുനേരെയുള്ള ബിജെപിയുടെ അക്രമം തുടരുകയാണ്.










0 comments