print edition ബംഗാളിൽ ക്രൈസ്‌തവർക്ക് നേരെ വ്യാപക ആക്രമണം: സെമിത്തേരിയിൽ സംസ്‌കാരം തടഞ്ഞു

ന്യൂഡൽഹി: ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ ബംഗാളിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണം തുടരുന്നു. പൂർവ ബർധമാൻ ജില്ലയിലെ സഹനഗറിൽ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നത് സംഘപരിവാർ സംഘടനകൾ തടഞ്ഞു.
സെന്റ് ക്ലാരറ്റ് പള്ളിയിലെ കല്ലറയിലേക്ക് മൃതദേഹം ഇറക്കുന്ന വേളയിൽ ഹിന്ദുത്വ തീവ്രവാദികൾ ഇടപെടുകയായിരുന്നു. പിന്നീട് മറ്റൊരു സെമിത്തേരിലേക്ക് ചടങ്ങുകൾ മാറ്റിയെന്ന് പള്ളി വികാരി ഫാദർ സാമുവൽ ഹേംബ്രം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെയും ജില്ലാ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും ഇടപെട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
സെമിത്തേരിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ആവശ്യപ്പെട്ടാണ് സംഘപരിവാറുകാർ എത്തിയത്. രേഖകൾ എത്തിക്കാമെന്ന് ഇടവകാംഗങ്ങൾ അറിയിച്ചെങ്കിലും വഴങ്ങിയില്ല. മരിച്ച സ്‌ത്രീ ആ നാട്ടുകാരിയല്ലെന്നും അതുകൊണ്ടാണ് പ്രദേശവാസികൾ എതിർത്തതെന്നുമാണ് ബർധമാൻ പൊലീസ് സൂപ്രണ്ടിന്റെ വിശദീകരണം. സെമിത്തേരിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടെന്നും രേഖകൾ പരിശോധിക്കുകയാണെന്നും എസ്‌പി പറഞ്ഞു.
ബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും ക്രൈസ്‌തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുകയാണ്. പൂർവ മേദിനിപ്പുരിൽ ആഗസ്‌ത് 26ന് പ്രാർഥനാലയം ബിജെപിക്കാർ അടിച്ചുതകർക്കുകയും പാസ്റ്ററെയും ഭാര്യയെയും തല്ലിച്ചതയ്‌ക്കുകയുംചെയ്‌തു. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. ഭയം കാരണം പൊലീസ് സ്റ്റേഷനിൽ നേരിട്ടുപോയി പരാതിപ്പെട്ടില്ലെന്ന് പാസ്റ്റർ ജോയ് സൂത്രധാർ പറഞ്ഞു. ഇമെയിലിൽ പരാതി അയച്ചെങ്കിലും നടപടിയുമുണ്ടായില്ല.
ആഗസ്‌ത് 25ന് ഹൗറയിലെ പ്രാർഥനാലയത്തിനുനേരെ ആക്രമണമുണ്ടായി. പ്രാർഥനയ്‌ക്കെത്തിയവരെ ബിജെപിക്കാർ മർദിച്ചു. പൊലീസിൽ പരാതിപ്പെട്ടപ്പോൾ പള്ളിക്ക് എവിടെ നിന്നാണ് ഫണ്ട് കിട്ടുന്നതെന്ന ചോദ്യമാണുണ്ടായതെന്ന് പാസ്റ്റർ സൂരജ് സരോജ് പറഞ്ഞു. ആഗസ്‌ത് 23ന് ഉലുബെരിയയിൽ ഞായറാഴ്‌ച പ്രാർഥനയ്‌ക്കുനേരെയും ആക്രമണമുണ്ടായി.
സംഘടിച്ചെത്തിയ ബിജെപിക്കാർ പ്രാർഥനാലയം തകർത്ത് വിശ്വാസികളെ തല്ലിയോടിച്ചു. മറ്റിടങ്ങളിലും സമാനമായ ആക്രമണമുണ്ടായതായി ബംഗാൾ ക്രിസ്‌ത്യൻ കൗൺസിൽ സ്ഥാപകൻ ഹെറോദ് മല്ലിക് പറഞ്ഞു.










0 comments