സ്വർണ്ണവില ഇനിയും താഴുമോ ? മാറ്റം ഭൗമരാഷ്ട്രീയത്തിന് അനുസൃതമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

ലോക രാഷ്ട്രീയം തെളിയുകയാണെങ്കിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇനിയും താഴ്ചയിലേക്ക് എത്തുമെന്ന് നിരീക്ഷകർ. യുദ്ധങ്ങളും അനിശ്ചിതത്വങ്ങളും വിട്ടൊഴിഞ്ഞാൽ വില കുറയുന്ന പ്രവണത തുടരുമെന്ന് പറയുന്നു. ഈ മാസം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരത്തിലെത്തിച്ച കുതിപ്പിന് ശേഷം നിരക്ക് താഴുന്ന പ്രവണതയാണ്.
കഴിഞ്ഞ ദിവസത്തെ റെക്കോർഡ് താഴ്ചയ്ക്ക് പിന്നാലെ, ബുധനാഴ്ച രാവിലെ 7:45 ലെ കണക്കനുസരിച്ച്, ഡിസംബറിലെ ഡെലിവറി ട്രേഡിംഗിനായുള്ള സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,28,000 രൂപയിൽ വ്യാപാരം ചെയ്തു. മുൻ ക്ലോസിനേക്കാൾ 271 രൂപ അല്ലെങ്കിൽ 0.21% കുറവ് രേഖപ്പെടുത്തി. വെള്ളി ഫ്യൂച്ചറുകളും കുറഞ്ഞു, കിലോഗ്രാമിന് 1,50,000 രൂപയിൽ വ്യാപാരം നടന്നു. ഇത് - 327 രൂപ അല്ലെങ്കിൽ 0.22% കുറവാണ്.
കഴിഞ്ഞ ദിവസം ഔൺസിന് 4,381 ഡോളറായിരുന്ന വില ഒറ്റയടിക്ക് താഴ്ന്നിറങ്ങി 4,009.80 ഡോളറിലേക്ക് എത്തിയിരുന്നു. 2013നുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്. കേരളത്തിലും വില കൂപ്പുകുത്തി. പവന് 2,500 രൂപയ്ക്കടുത്താണ് ഇടിഞ്ഞത്.
കയറ്റിറക്കങ്ങൾക്ക് പിന്നിൽ
കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള ശക്തമായ ആവശ്യം, നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പ്രധാന കേന്ദ്ര ബാങ്കുകൾ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവയാണ് വിലയിലെ കുതിപ്പിന് കാരണമാക്കിയതായി പറയുന്നത്. വർധന ചെറുതായിരുന്നില്ല. ഈ വർഷം സ്വർണ്ണ വില ഏകദേശം 56% വർദ്ധിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തയാഴ്ച ദക്ഷിണ കൊറിയയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ന്യായമായ വ്യാപാര കരാറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. വ്യാപാര യുദ്ധം ഇതോടെ അയയുമെന്ന പ്രതീക്ഷ ഉണർന്നു. വിപണി വികാരത്തെ ഇത് ബാധിച്ചു. ആഗോള വ്യാപാര ആശങ്കകൾ ലഘൂകരിച്ചു, സ്വർണ്ണം മാത്രമാണ് സുരക്ഷിത താവളം എന്ന ആകർഷണം ചെറുതായി കുറഞ്ഞു. ഇതോടൊപ്പം വ്ലാദിമിർ പുടിനുമായുള്ള കൂടികാഴ്ച പ്രഖ്യാപിച്ചതും, ഇസ്രയേൽ അതിക്രമങ്ങൾക്ക് മേൽ സമാധാന കരാർ നടപ്പായതും ലോക വിപണിയിൽ പ്രതിഫലിച്ചു. ഇതോടെ സ്വർണ്ണ കുതിപ്പ് മന്ദഗതിയിലേക്ക് മാറി. വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഇത് നിലനിൽക്കാം എന്ന് വിലയിരുത്തപ്പെടുന്നു.

തിരിച്ച് കയറുമോ
ഇന്ത്യയിൽ ഇതിന് ഒരു ചെറിയ എതിർ പ്രവാഹം ഉണ്ടാവാം. അന്താരാഷ്ട്ര വിലകളിൽ ചാഞ്ചാട്ടം അനുഭവപ്പെടുമ്പോഴും ഉത്സവകാല ഡിമാൻഡ് ആഭ്യന്തര സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നതാണ് കാരണം. മാത്രമല്ല സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ചരിത്രമായിത്തീർന്ന കുതിപ്പ് താൽക്കാലികമായി തളർന്നെങ്കിലും ആഗോള വിപണികളിൽ ഇപ്പോഴും ഭൗമരാഷ്ട്രീയവും ലോക സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രതിഫലിക്കാം. ഇത് തുടരുകയാണെങ്കിൽ സ്വർണ്ണം അതിന്റെ നേട്ടം തുടരും.
ട്രംപ് ചൈനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 155 ശതമാനം പ്രതികാര ചുങ്കവുമായി രംഗത്ത് വരും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം ഉണ്ടായാൽ സ്വർണ്ണം തിരിച്ച് കയറും.
ഭൌമരാഷ്ട്രീയം മാത്രമല്ല അത് ഡോളറിൽ പ്രതിഫലിക്കുന്നതും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപം എന്ന പദവിയിൽ നിന്നും തളർത്തും. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതോടെ സ്വർണം വാങ്ങുന്നത് ചെലവേറിയതായതും സ്വർണവിലയുടെ വീഴ്ചയ്ക്ക് വഴിയൊരുക്കി.
ദുർബലമായ ഡോളർ അന്താരാഷ്ട്ര തലത്തിൽ തന്നെ സ്വർണ്ണ വാങ്ങുന്നവർക്ക് കൂടുതൽ ആകർഷണം തീർക്കും. അതുവഴി ഡിമാൻഡും വിലയും വർദ്ധിപ്പിക്കും. കാലങ്ങളായി സ്വർണ്ണവും ഡോളറും ഒരു വിപരീത ബന്ധം പങ്കിടുന്നു, ഈ പ്രവണത 2025-ൽ ശക്തമായി നിലനിന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. പലിശനിരക്ക് കുറയുന്നത് ഡോളറിന് തിരിച്ചടിയാവും. അത് സ്വർണത്തിന് മെച്ചപ്പെട്ട നിക്ഷേപം എന്ന നിലയ്ക്ക് നേട്ടമാവുകയാണ് ചെയ്യുക. സങ്കീർണ്ണമായ അനിശ്ചിതത്വമാണ് പ്രധാനമായും സ്വർണ്ണ വില ഉയരാൻ കാരണമെന്ന് ആർബിസി ക്യാപിറ്റൽ മാർക്കറ്റിലെ തന്ത്രജ്ഞരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട് ചെയ്യുന്നു.
ചൈനയിലെ ഇൻഷുറൻസ് വ്യവസായം അവരുടെ ആസ്തിയുടെ 1% വരെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന നയം പ്രവർത്തികമാക്കിയിട്ടുണ്ട്. വാർഷിക സ്വർണ്ണ വിപണിയുടെ ഏകദേശം 6% ന് തുല്യമായ സ്വർണ്ണം ഇതിന് ആവശ്യമാണ്. കേന്ദ്ര ബാങ്കുകൾ അവരുടെ സ്വർണ്ണ ശേഖരം 10% ൽ നിന്ന് 30% ൽ ആയി ഉയർത്തിയതും ഡിമാൻ്റ് വർധിപ്പിച്ചു.
കൂടിയ വിലക്ക് വാങ്ങുന്നവരും
വില കൂടുമെന്ന് കരുതി വാങ്ങുന്നവരും
സ്വർണ്ണത്തിന്റെ പ്രകടനം മുൻകാല പ്രധാന റാലികളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര വലുതല്ല എന്നും പറയുന്നു ഏകദേശം 700 ദിവസങ്ങളിൽ വില വർധന പ്രവണത നിലനിന്നു. എന്നാൽ 1,000 ദിവസങ്ങൾക്കപ്പുറം നീണ്ടുനിന്ന വർധനാ റാലികൾ ഉണ്ടായിരുന്നു എന്നാണ് ചൂണ്ടികാണിക്കുന്നത്.
ഉയർന്ന വിലകൾ ഇന്ത്യയിലും ചൈനയിലും ഉപഭോക്തൃ ആവശ്യകതയെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഡിമാന്റ് കുറയും. എന്നാൽ കൂടുതൽ നേട്ടങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും വാങ്ങുന്നവരെ ആകർഷിക്കുമെന്ന് ആർബിസി വിശദമാക്കുന്നു. ഹോൾഡർമാർ വിൽപ്പന വൈകിപ്പിക്കുന്നതും പ്രതിഫലിക്കാം.
മൂല്യശേഖരം എന്ന ചരിത്രപരമായ വിചാരത്തിൽ നിന്നാണ് സ്വർണ്ണത്തിന്റെ പ്രതിരോധശേഷി ഉടലെടുക്കുന്നത്. അനിശ്ചിതമായ സമയങ്ങളിൽ, പണപ്പെരുപ്പത്തിലോ കറൻസി മൂല്യത്തകർച്ചയിലോ സമ്പത്ത് സംരക്ഷിക്കാൻ കഴിയുന്ന ആസ്തികളാണ് നിക്ഷേപകർ ഇഷ്ടപ്പെടുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും ദ്രവ്യതയുള്ളതുമായ ആസ്തികളെയാണ് അവർ ആശ്രയിക്കുന്നത്. അസ്ഥിരമായ വിപണികളിൽ സാധാരണ ജനങ്ങൾക്കും താത്പര്യം കുറയും.
2025-ൽ സ്വർണ്ണത്തിന്റെ ഉയർച്ച ആഗോള ഉത്കണ്ഠയുടെയും സാമ്പത്തിക ദുർബലതയുടെയും നിക്ഷേപകരുടെ ജാഗ്രതയുടെയും പ്രതിഫലനമാണ്. ഒരു തിരുത്തലിന്റെ സാധ്യത തള്ളിക്കളയാനാവില്ല. അതുവരെ മാത്രമാവും സ്വർണ്ണം തിളങ്ങുന്നത് തുടരുക എന്നും വിലയിരുത്തുന്നു.










0 comments