print edition 'മുസ്ലിങ്ങളെ തല്ലിക്കൊല്ലുമ്പോൾ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് കണ്ടില്ല'; അതിരൂക്ഷ വിമർശവുമായി ജസ്റ്റിസ് അതുൽ ശ്രീധരൻ


സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:00 AM | 1 min read
ന്യൂഡൽഹി: രാജ്യത്ത് മുസ്ലിങ്ങളെ ആൾക്കൂട്ടക്കൊലപാതകത്തിനും അക്രമത്തിനും വിധേയമാക്കുന്പോൾ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് കണ്ടില്ലെന്ന അതിരൂക്ഷ വിമർശവുമായി അലഹബാദ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ. യുപിയിലെ 588 മദ്രസകൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട മനുഷ്യാവകാശ കമീഷൻ നടപടി തടഞ്ഞ ഇടക്കാല വിധിയിലാണ് കടുത്ത പരാമർശങ്ങൾ.
ഒരാൾ നൽകിയ പരാതിയിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് നടപടിക്ക് കമീഷൻ നിർദേശം നൽകിയതെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ പറഞ്ഞു. മുസ്ലിം സമുദായംഗങ്ങൾ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്താൻ ഇടപെടുന്നതിന് പകരം മനുഷ്യാവകാശവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലാണ് കമീഷൻ ഇടപെടുന്നത്. ചില സംഘങ്ങൾ നിയമം കൈയിലെടുക്കുന്പോഴും പൊതുസ്ഥലത്ത് ഇരുമതസ്ഥര്‍ ഒരുകപ്പ് കാപ്പി കുടിക്കുന്നതുപോലും ഭയാനകമായ പ്രവൃത്തിയായി മാറുന്ന സാഹചര്യങ്ങളിലും സംസ്ഥാന–ദേശീയ കമീഷൻ സ്വമേധയാ കേസെടുക്കുന്നത് കണ്ടിട്ടില്ല. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിൽ വരേണ്ടകാര്യങ്ങളിൽ ഇടപെടാൻ അവർക്ക് സമയമുണ്ട് –ജസ്റ്റിസ് അതുൽ ശ്രീധരൻ വിമര്‍ശിച്ചു.
കമീഷന് കോടതി നോട്ടീസയക്കുകയുംചെയ്‌തു. എന്നാൽ ബെഞ്ചംഗം ജസ്റ്റിസ് വിവേക് സരൺ പക്ഷേ കമീഷനെതിരായ നിരീക്ഷണങ്ങളോട്‌വിയോജിച്ച് ഭിന്ന ഉത്തരവ് പുറപ്പെടുവിച്ചു. കേസ് മെയ് 11ലേക്ക് മാറ്റാനുള്ള നിർദേശം അദ്ദേഹം അംഗീകരിച്ചു.










0 comments