Deshabhimani

ആക്ഷേപം ഉയർന്നിട്ട്‌ ഒരുമാസം

print edition ഗ്യാനേഷ്‌ എവിടെ

Gyanesh Kumar.jpg
avatar
എം അഖിൽ

Published on Oct 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി : തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യതയും നിഷ്‌പക്ഷതയും ഇല്ലാതാക്കിയ അനധികൃത ഇടപെടൽ പുറത്തുവന്ന്‌ ഒരു മാസം പിന്നിടുന്പോഴും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ ‘ഒളിവിൽ’. രാജി ആവശ്യപ്പെട്ട്‌ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്പോഴും അദ്ദേഹം പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ കമീഷൻ ചില വാർത്താകുറിപ്പുകളും അറിയിപ്പുകളും പുറപ്പെടുവിക്കുന്നുണ്ട്‌. എന്നാൽ ഗ്യാനേഷ്‌ വിശദീകരണം നൽകുകയോ വാർത്താസമ്മേളനം വിളിക്കുകയോ ചെയ്‌തിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ഒ‍ൗദ്യോഗിക പരിപാടികൾ അദ്ദേഹം റദ്ദാക്കി.


നിരവധി പ്രധാനപ്പെട്ട ‘തെറ്റുതിരുത്തൽ നടപടികൾ’ കമീഷന്റെ ഭാഗത്ത്‌ നിന്നുണ്ടായെങ്കിലും അതെല്ലാം വാർത്താക്കുറിപ്പിലൂടെയാണ്‌ അറിയിച്ചത്‌. ഫോം ആറ്‌ ഉപയോഗം ഉൾപ്പെടെ വിഷയങ്ങളിൽ കമീഷൻ സ്വീകരിച്ച തിരുത്തൽ നടപടികൾ എസ്‌ഐആറിനെതിരായ പ്രതിപക്ഷ ആരോപണം പൂർണമായും ശരിവയ്ക്കുന്നതാണെന്ന വിലയിരുത്തലുമുണ്ട്‌.


തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഒ‍ൗദ്യോഗിക എക്‌സ്‌ അക്ക‍ൗണ്ടിലും ഗ്യാനേഷിന്റെ സാന്നിധ്യമില്ല. മുന്പ്‌ കമീഷന്റെ എക്‌സ്‌ അക്ക‍ൗണ്ടിൽ അദ്ദേഹം വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെയും പ്രധാനവ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തുന്നതിന്റെയും ഫോട്ടോകളുടെ പ്രളയമായിരുന്നു. സെപ്‌തംബർ 26നുശേഷം കമീഷൻ എക്‌സ്‌ അക്ക‍ൗണ്ടിൽ ഗ്യാനേഷിന്റെ ഫോട്ടോയോ അറിയിപ്പുകളോ പോസ്‌റ്റ്‌ ചെയ്‌തിട്ടില്ല. പ്രതിഷേധങ്ങളെ ഭയന്ന്‌ ഗ്യാനേഷ്‌ ‘ഒളിവിൽ’ ആണെന്ന പ്രതിപക്ഷ ആരോപണം ബലപ്പെടുത്തുന്നതാണ്‌ ഇ‍ൗ അസാന്നിധ്യം.


ഗ്യാനേഷ്‌ കുമാറിന്റെ അനധികൃത ഇടപെടലുകൾ കഴിഞ്ഞ മാസം 25നാണ്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ട്‌ ചെയ്‌തത്‌. അതിനുശേഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട്‌ ഇന്ത്യ കൂട്ടായ്‌മയും ഇടതുപക്ഷ യുവജന, വിദ്യാർഥി സംഘടനകളും എസ്‌ഐആർ വിരുദ്ധ ജനകീയ മുന്നണിയും സിജെപിയും പ്രക്ഷോഭ പാതയിലാണ്‌. ജന്തർമന്തർ പൂട്ടിയും ഡൽഹിയാകെ സുരക്ഷാവലയത്തിലാക്കിയും ഗ്യാനേഷിനെ സംരക്ഷിക്കുന്ന മോദി സർക്കാർ നീക്കം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home