ad
Deshabhimani

പേരുമാറ്റൽ തുടർന്ന്‌ ബിജെപി; മഹാരാഷ്‌ട്രയിൽ ജനിക്കുന്ന പെൻഗ്വിനുകൾക്ക്‌ മറാത്തി പേര്‌ നൽകണം

penguin

photo credit: X

വെബ് ഡെസ്ക്

Published on Jun 04, 2025, 06:44 PM | 1 min read

മുംബൈ: മഹാരാഷ്‌ട്രയിൽ ജനിക്കുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക്‌ മറാത്തി പേര്‌ നൽകണമെന്ന വാദവുമായി ബിജെപി നേതാവ്‌ നിതിൻ ബങ്കാർ. ഇതേ തുടർന്ന്‌ മൃഗശാലയ്ക്ക്‌ പുറത്ത്‌ പ്രതിഷേധപ്രകടനം നടത്തുകയും മൃഗശാല അധികൃതർക്ക്‌ കത്തയക്കുകും ചെയ്തു. "മഹാരാഷ്ട്രയിൽ മറാത്തി ഭാഷയെ ബഹുമാനിക്കണം. മുംബൈയിലെ പെൻഗ്വിനുകൾക്ക് മറാത്തി പേരുകൾ നൽകണം... ആദ്യ സമയത്ത്‌ അവയ്ക്ക്‌ ഇംഗ്ലീഷ്‌ പേരുകൾ നൽകിയത്‌ അംഗീകരിച്ചു. എന്നാൽ ഇനി ഇവിടെ ജനിക്കുന്ന പെൻഗ്വിനുകൾക്ക് മറാത്തി പേരുകൾ നൽകണം." നിതിൻ ബങ്കാർ പറഞ്ഞു.


ഇതിനെതിരെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്‌. “മുംബൈ മൃഗശാലയിലെ പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മഹാരാഷ്ട്രയുടെ മണ്ണിൽ ജനിച്ചതിനാൽ മറാത്തി പേരുകൾ നൽകണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത് നന്നായി. വെറുതെ ചോദിക്കുന്നു... മഹാരാഷ്ട്രയിൽ ജനിച്ച മറാത്തി പേരില്ലാത്ത ബിജെപി നേതാക്കളും അവരുടെ പേരുമാറ്റുമോ?” എൻ‌സി‌പി (എസ്‌പി) ദേശീയ വക്താവും -കാർട്ടൂണിസ്റ്റുമായ ക്ലൈഡ് ക്രാസ്റ്റോ ചോദിച്ചു.


മുംബൈയിലെ ബൈക്കുളയിലുള്ള വീർമാത ജിജാബായ് ഭോസാലെ ബൊട്ടാണിക്കൽ ഗാർഡൻ & മൃഗശാല ഹംബോൾട്ട് പെൻഗ്വിനുകളുടെ ആവാസ കേന്ദ്രമാണ്. ഇന്ത്യയിൽ പെൻഗ്വിനുകളെ കാണുന്ന ഒരേയൊരു സ്ഥലമാണിത്‌. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) 2016 ജൂലൈ 26 നാണ്‌ ദക്ഷിണ കൊറിയയിലെ കോക്‌സ് അക്വേറിയത്തിൽ നിന്ന് മുംബൈയിലേയ്ക്ക്‌ പെൻഗ്വിനുകളെ കൊണ്ടുവന്നത്‌.


ഡൊണാൾഡ്, ഡെയ്‌സി, പോപ്പേ, ഒലിവ്, ഫ്ലിപ്പർ, ബബിൾ, മിസ്റ്റർ മോൾട്ട്, ഡോറി എന്ന എട്ട് ഹംബോൾട്ട് പെൻഗ്വിനുകളെയാണ്‌ ആദ്യം കൊണ്ടുവന്നത്‌. പിന്നീട്‌ ആരോഗ്യ പ്രശ്‌നം മൂലം ഡോറി മരിക്കുകയായിരുന്നു. മുംബൈ മൃഗശാലയിൽ ജനിച്ച പെൻഗ്വിനുകൾക്ക് കൊക്കോ, സ്റ്റെല്ല, ജെറി, നോഡി, ടോം, പിൻഗു എന്നിങ്ങനെയാണ് പേരുകൾ. ഇപ്പോൾ മൃഗശാലയിൽ ആകെ 21ജോഡി പെൻഗ്വിനുകളാണുള്ളത്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home