മാടാക്കര പള്ളിയിലെ അതിക്രമം: ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ ശ്രമം

കോഴിക്കോട്: വടകര മാടാക്കര ജുമാമസ്‌ജിദിനുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് നടത്തിയ അതിക്രമത്തിലൂടെ യുഡിഎഫ് സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത വെളിപ്പെട്ടതിന്റെ നാണക്കേട് മറച്ചുവെക്കാൻ ഉദ്യോഗസ്ഥരെ പഴിചാരുന്നു. ഇടപെടലിൽ ജാഗ്രതക്കുറവുണ്ടായി എന്നുപറഞ്ഞ് അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റി സർക്കാർ തടിതപ്പുകയാണ്. ചോമ്പാല സ്റ്റേഷനിലെ എസ്എച്ച്ഒ പി പി ഷമീൽ ഉൾപ്പെടെ സ്റ്റേഷനിലെ അഞ്ച് പേരെയാണ് സ്ഥലംമാറ്റിയത്.
സർക്കാരിന്റെ നൂറാംനാളിൽ പള്ളിയിൽ കയറി മുസ്ലിം മതവിശ്വാസികളെ പൊലീസ് ആക്രമിച്ചതിൽ നടപടി എടുത്തെന്ന് കാണിക്കാൻ മാത്രമാണ് സ്ഥലംമാറ്റനാടകം. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന നടപടിക്കെതിരെ യുഡിഎഫ് നേതൃത്വം തന്നെ രണ്ട് തട്ടിലാണ്. നബിദിനാഘോഷ ഒരുക്കത്തിനിടയിൽ ഉണ്ടായ പൊലീസിന്റെ അതിക്രമത്തെ അപലപിക്കാൻ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇതുവരെ തയ്യാറായില്ലെന്നതും മന്ത്രിസഭയിൽ തമ്മിലടി മൂത്തതിന്റെ ഭാഗമാണ്.
തിങ്കളാഴ്ചയാണ് പൊലീസ് പള്ളിയ്ക്കുള്ളിൽ കടന്നത്. പള്ളിയിലെ സാമ്പത്തിക പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലീഗ് അനുകൂലികളും വിശ്വാസികളും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തിങ്കളാഴ്ച ഇരുവിഭാഗവും തമ്മിൽ പ്രശ്‌നമുണ്ടായി. അത് പരിഹരിക്കാനെത്തിയ പൊലീസാണ് മൊയിലൂദ് പാരായണം നടക്കുന്നതിനിടെ പള്ളിക്കകത്ത് കയറി അക്രമം നടത്തിയത്. ലീഗ് എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ഇടപെടലിലാണ് പൊലീസ് എത്തിയതെന്നും വ്യക്തമായിരുന്നു.
പള്ളിക്കകത്തുണ്ടായിരുന്നവർ സംയമനം പാലിച്ചതിനാൽ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. വിശ്വാസികളെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസും ലീഗ് അനുകൂലികളും വെട്ടിലായി.









0 comments