മലാലയുടെ പുസ്തകം വായിക്കാനെത്തിയവരെ ബജ്റംഗദൾ ആക്രമിച്ചു

ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ (Photo: NDTV)
അഹമ്മദാബാദ്: നൊബേൽ പുരസ്കാര ജേതാവ് മലാല യുസഫ്സായിയുടെ പുസ്തകം വായിച്ചുകൊണ്ടിരുന്നവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബജ്റംഗദൾ. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വസ്ത്രാപൂരിലെ ഔഡ ഗാർഡനിൽ നടന്ന പൊതുപുസ്തക വായനാ പരിപാടിക്കിടെയാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
അടുത്തിടെ സ്കൂളിൽ മലാല യൂസഫ്‌സായിയുടെ പുസ്തകം പിൻവലിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സോഷ്യൽമീഡിയയിലൂടെ പുസ്തകവായന പരിപാടി സംഘടിപ്പിച്ചത്. മലാല യൂസഫ്‌സായി, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഹോളോകോസ്റ്റ് അതിജീവിച്ച ആൻ ഫ്രാങ്ക് എന്നിവരുടെ കൃതികൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വായിക്കാനായി ഇരുപതോളം പേരാണ് വസ്ത്രാപൂർ ഗാർഡനിൽ ഒത്തുകൂടിയത്. ഇവരെ ബജ്റംഗദൾ ചോദ്യം ചെയ്യുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്ക് നേരെയും അക്രമികൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരവധി പേർക്ക് അക്രമത്തിൽ പരിക്കേറ്റു. സംഭവത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബജ്റംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ ബജ്റംഗദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൂന്നു പ്രതികൾ കസ്റ്റഡിയിലെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments