ഒമാനുമായി ചേർന്ന് ഹോർമുസ് തുറക്കാൻ വീണ്ടും ഇറാൻ

തെഹ്റാൻ: ഒമാനുമായി ചേർന്ന് ഹോർമുസ് തുറക്കാൻ വീണ്ടും ഇറാൻ. മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളുടെ ആവശ്യപ്രകാരം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഉപാധികളുടെ പട്ടിക ഇറാൻ തയ്യാറാക്കുകയാണെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി അറിയിച്ചു.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക എന്നത് ഇതിലെ പ്രധാന ഉപാധികളിലൊന്നാണ്. ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധവും ഉപരോധ നടപടികളും അമേരിക്ക അവസാനിപ്പിക്കുക, സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഉപരോധങ്ങൾ പൂർണമായി പിൻവലിക്കുക എന്നിവയാണ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒമാന്റെയും ഇറാന്റെയും സമുദ്രാതിർത്തികൾ ഉൾപ്പെടുന്നതാണ് ഈ പാത. എന്നാൽ, അമേരിക്ക ഇറാന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ നിശ്ചിത കേന്ദ്ര സമുദ്രപാത ഉപയോഗിക്കാൻ അനുവാദം നൽകൂ. ഏപ്രിൽ, ജൂൺ മാസങ്ങളിൽ അമേരിക്കയും തെഹ്റാനും പ്രഖ്യാപിച്ച വെടിനിർത്തൽ കരാറുകൾ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടട്ടുള്ളതായിരുന്നുവെങ്കിലും അവയൊന്നും നിലനിന്നില്ല.
ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ ആരംഭിക്കുന്നതിന് മുമ്പ്, ലോകത്തിലെ ആകെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്നത് ഹോർമൂസ് കടലിടുക്ക് വഴിയായിരുന്നു. എന്നാൽ സംഘർഷം ആരംഭിച്ചതോടെ ഇത് പൂർണമായി നിലച്ചിരുന്നു.









0 comments