ചൈനയിൽ 5.1 തീവ്രതയുള്ള ഭൂചലനം: നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

ബീജിങ്: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ, തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഭൂചലനം. സിചുവാനിലെ ലോങ്ചാങ് നഗരത്തിലാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുപിന്നാലെ ടിബറ്റ് അതിർത്തിയിലെ അണക്കെട്ട് വീണ്ടും തകർന്നതായി നേപ്പാൾ പൊലീസ് സ്ഥിരീകരിച്ചു.
ഇതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളോടും രക്ഷാപ്രവർത്തകരോടും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. മേഖലയിൽ അതീവജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ മരണനിരക്ക് തന്നെ സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന ആശങ്കയിലാണ് അധികൃതർ.
നേപ്പാൾ - ടിബറ്റ് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 കവിഞ്ഞു. പ്രളയത്തിൽ 1,545-ലധികം പേർക്ക് പരിക്കേൽക്കുകയും ഇവരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രളയത്തെത്തുടർന്ന് മൂന്നൂറോളം ഇന്ത്യൻ വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചിരുന്നു. നേപ്പാൾ ടൂറിസം ബോർഡിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 178 ഇന്ത്യൻ പൗരന്മാരെ ഇനിയും കണ്ടെത്താനുണ്ട്. നേപ്പാളിൽ ആകെ 826 പേരെയും തിബറ്റൻ മേഖലയിൽ 558 പേരെയും കാണാതായിട്ടുണ്ടെന്നാണ് വിവരങ്ങൾ.









0 comments