ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും അധികം മഞ്ഞുമലകളുള്ള മേഖല; സൃഷ്ടിക്കപ്പെട്ടത് 5.2 തീവ്രതയുള്ള ഭൂചലനത്തിന്റെ ആഘാതം

കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും കാരണമാക്കി നദിയിൽ തകര്‍ന്നു വീണ ഹിമാനി സൃഷ്ടിച്ചത് ഭൂകമ്പത്തിന് സമാനമായ ആഘാതം. 5.2 തീവ്രതയുള്ള ഭൂകമ്പ പ്രകമ്പന കേന്ദ്രം പുറത്തു വിടുന്നതിന് സമാനമായ ഊര്‍ജ്ജമാണ് നിറഞ്ഞൊഴുകുന്ന നദിയിൽ ഇത് ചെലുത്തിയത്. ഇതാണ് മീറ്ററുകളോളം ഉയരത്തിൽ വെള്ളവും ചളിയും മണ്ണും ഉയര്‍ന്നു മാറി കുത്തി ഒഴുകാൻ ഇടയാക്കിയത്.
പെട്ടെന്ന് അണപൊട്ടിയതു പോലുള്ള ഈ പ്രവാഹമാണ് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. യു എസ് ജിയോളജിക്കൽ സര്‍വേയുടെ (യുഎസ്ജിഎസ്) പ്രഥമിക നിഗമനം അനുസരിച്ച് ഇത് 5.2 മാഗ്നിറ്റ്യൂഡ് ഭൂകമ്പത്തിന് തുല്യമായിരുന്നു. കൂറ്റൻ മഞ്ഞുമലയം പാറക്കൂട്ടങ്ങളും ചേര്‍ന്ന് നദിയിലേക്ക് പതിച്ചു. ശക്തമായ ഒഴുക്കുള്ള നദി അണ കെട്ടിയ പോലെ നിശ്ചലമായി. അല്പനേരം കൊണ്ട് സമ്മര്‍ദ്ദം ഇരട്ടിച്ചു. പെട്ടെന്ന് പൊട്ടി ഒഴുകി. സെക്കന്റുകൾക്കകം താഴ്ഭാഗങ്ങളെ കരയോടെ ഒഴുക്കി കൊണ്ടുപോയി എന്നാണ് ശാസ്ത്രജ്ഞര്‍ വിവരിക്കുന്നത്.
ഭോട്ടെ കോശി നദിയുടെ പോഷക നദിയായ ലെന്ധെ ഖോലയിലാണ് ഹിമാനി തകര്‍ന്നു വീണത്. വെറും 30 മിനിറ്റിനുള്ളിൽ നദിയിലെ വെള്ളം 9 മീറ്റർ ഉയർന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. നദി 29.5 അടി ഉയരത്തിൽ കരകവിഞ്ഞു എന്നര്‍ഥം. നേപ്പാളിന്റെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 10 ശതമാനത്തോളം സംഭാവന ചെയ്യുന്ന വാലിയിലാണ് ദുരന്തമുണ്ടായത്.
ഹിമാലയൻ മേഖലകളിൽ ഗ്ലേഷ്യൽ തടാകങ്ങൾ തകർന്ന് ഉണ്ടാകുന്ന വൻ വെള്ളപ്പൊക്കങ്ങളെ ശാസ്ത്രലോകം ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ് (GLOF) എന്നാണ് വിശേഷിപ്പിക്കുന്നത്.
"വലിയൊരു കത്തിയെടുത്ത് ഹിമാനിയുടെ താഴ്ഭാഗം മുറിച്ചു മാറ്റിയത് പോലെയാണ് ഉപഗ്രഹ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഉയർന്ന പ്രദേശത്തുനിന്ന് കൂറ്റൻ മഞ്ഞുപാളി താഴേക്ക് പതിച്ചത് ബോംബ് സ്ഫോടനത്തിന് സമാനമായ പ്രകമ്പനമാണ് ഉണ്ടാക്കിയത്," ഓസ്ട്രിയയിലെ ഗ്രേസ് സർവകലാശാലയിലെ ജിയോസയന്റിസ്റ്റ് യാക്കോബ് സ്റ്റെയ്നർ അഭിപ്രായപ്പെട്ടു.
ഇനിയും പൊട്ടിത്തെറിക്കാൻ
ഹിമാനികൾ
ഇപ്പോൾ ദുരന്തം നേരിട്ട ഇതേ താഴ് വരയിൽ 2024 ൽ ഹിമപാതം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മഞ്ഞു തടാകം തകര്‍ന്നുള്ള വെള്ളപ്പൊക്കവും ഭീഷണി തീര്‍ത്തു. 2015 ൽ ഉണ്ടായ ഭൂകമ്പത്തിലും ഇതേ ലാങ്താങ് മേഖലയിൽ നാശനഷ്ടങ്ങൾ ഉണ്ടായി.
ഹിമാലയൻ മേഖലയിൽ ഊഷ്മാവ് അതിവേഗം ഉയരുന്നത് ഇത്തരം ദുരന്തങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി അന്താരാഷ്ട്ര സംയോജിത പർവത വികസന കേന്ദ്രത്തിലെ (ICIMOD) കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ധ്രുവപ്രദേശം കഴിഞ്ഞാൽ
ഏറ്റവും അധികം മഞ്ഞുമലകൾ
ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മഞ്ഞ് ഉറഞ്ഞ് കിടക്കുന്നത് ഹിന്ദുകുഷ് ഹിമാലയൻ മേഖലയിലാണ്. ഭൂമിയിലെ മൂന്നാം ധ്രുവം എന്ന് ഈ മേഖലയെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ മേഖലയിലെ എട്ട് രാജ്യങ്ങളുടെ ഹിമാലയൻ മലനിരകളുടെ പരിധിയിലാണ് ഈ പ്രദേശം. ഇവിടുത്തെ 63,000-ത്തിലധികം ഹിമാനികളാണ് ഏഷ്യയിലെ 10 പ്രധാന നദികളെ പോഷിപ്പിക്കുന്നത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്‌സി, മീകോങ്, അമു ദര്യ എന്നീ നദികളിലെ ജല പ്രവാഹവും ഇവയെ ആശ്രയിച്ചാണ്.

കാലാവസ്ഥാ വ്യതിയാനം മുഖ്യ കാരണമായി പറയുന്ന ഹിമാനികളുടെ ഉരുകൽ ഈ മേഖലയെ വലിയ ഭീഷണിയുടെ നിഴലിലുള്ള പ്രദേശമാക്കി മാറ്റുന്നുണ്ട്. ഇവിടെ 78% ഹിമാനികളും ശക്തമായ ചൂട് ഭീഷണി നേരിടുന്നു. 2000 മുതൽ 2019 വരെയുള്ള കാലയളവിൽ വർഷം തോറും 267 ഗിഗാ ടൺ മഞ്ഞാണ് ഉരുകിത്തീർന്നത് എന്നാണ് കണക്കുകൾ പറയുന്നത്.
നെഞ്ചിടിപ്പേറ്റുന്ന
മുന്നറിയിപ്പുകൾ
നിലവിലെ രീതിയിൽ ആഗോള താപനം വര്‍ധിക്കയാണെങ്കിൽ ദുരന്തങ്ങൾ തുടര്‍ച്ചയാവും. ആഗോള താപനം 2.8 ഡിഗ്രിവരെ ഉയര്‍ന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ 50 ശതമാനം ഹിമാനികളും അപ്രത്യക്ഷമാവും എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.








0 comments