ഗോത്രവർഗ വിദ്യാർഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം; മഹാരാഷ്ട്രയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ മാർച്ച്

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ സർക്കാർ ഹോസ്റ്റലുകളിൽ കഴിയുന്ന ഗോത്രവർഗ വിദ്യാർഥികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ - ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചു. ബീഡ് ജില്ലയിലെ അംബജോഗയ് എസ്ഡിഎം ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.
ഹോസ്റ്റലുകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലുടനീളം നടക്കുന്ന ഗോത്രവർഗ്ഗ വിദ്യാർഥി സമരങ്ങൾക്ക് പിന്തുണയറിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സാമൂഹ്യനീതി വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയുടെ കീഴിലുള്ള സർക്കാർ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു. കരിമ്പ് വെട്ട് തൊഴിലാളികളുടെ കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.
എട്ട് ദിവസത്തിനകം ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ - ഡിവൈഎഫ്ഐ സംയുക്ത മാർച്ചിൽ അറിയിച്ചു. എസ്എഫ്ഐ - ഡിവൈഎഫ്ഐ നേതാക്കളായ പ്രശാന്ത് മസ്കെ, സുഹാസ് ചന്ദൻശിവ്, ജഗന്നാഥ് പട്ടോലെ, അജിങ്ക്യ സർവാഡെ, ഹമീദ് റുക്സാന മുനവർ, പ്രഥമേഷ് മീര ജഗന്നാഥ്, ധൻരാജ് സുനിത ബാലു, പ്രകാശ് മഹ്ത്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അലവൻസുകൾ വർധിപ്പിക്കുക, സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലെ പൂനെ, നാഗ്പൂർ, യവത്മാൽ തുടങ്ങിയ പ്രദേശങ്ങളിൽ ഗോത്രവർഗ്ഗ വിദ്യാർഥികൾ സമരത്തിലാണ്.









0 comments