ബംഗാളിൽ വോട്ടെണ്ണലിന് പിന്നാലെ സംഘർഷം; ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ വിവിധയിടങ്ങളിൽ വ്യാപക അക്രമം. സംഘർഷങ്ങളിൽ ഒരു ബിജെപി പ്രവർത്തകനും ഒരു തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകനും കൊല്ലപ്പെട്ടു.
സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർക്ക് പരിക്കേറ്റു.
ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും അക്രമങ്ങൾ തുടരുകയാണ്. ആക്രമണങ്ങളെ തുടർന്ന് ഒരു ബിജെപി പ്രവർത്തകനും ഒരു ടിഎംസി പ്രവർത്തകനും കൊല്ലപ്പെട്ടു. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ വിഭാഗീയത തെരുവുയുദ്ധത്തിലേക്ക് നീങ്ങി.
ബോംബേറും വെടിവെയ്പ്പും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. സംഘർഷബാധിത പ്രദേശങ്ങളിൽ നിരവധി വീടുകളും പാർട്ടി ഓഫീസുകളും തകർക്കപ്പെട്ടു. അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും തങ്ങളുടെ പ്രവർത്തകരെ മനപ്പൂർവ്വം ലക്ഷ്യം വെയ്ക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
സന്ദേശ്ഖാലിയിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും പ്രദേശത്ത് കടുത്ത പിരിമുറുക്കം നിലനിൽക്കുകയാണ്. ബംഗാളിലെ സംഘർഷാവസ്ഥയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.










0 comments